ഹരിപ്പാട്: നിയോജക മണ്ഡലത്തിൽ പ്രവർത്തന സജ്ജമാക്കിയ മുഴുവൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററുകളുടെയും പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ കൂടിയ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങളും, പരാതികളും, അറിയാനും അവർക്ക് വേണ്ട അറിയിപ്പുകൾ നല്കാനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്റിജൻ ടെസ്റ്റുകൾ എല്ലാ പി.എച്ച് സെന്ററുകളിലും ആരംഭിക്കണം. പഞ്ചായത്ത് തല ജാഗ്രതാ സമിതി കൂടാനും അത് മോണിറ്റർ ചെയ്യുവാൻ കളക്ടർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിപ്പാട് ഗവ.ആശുപത്രി കൊവിഡ് ആശുപത്രിയുമായി പ്രഖ്യാപിച്ചത് മൂലം മറ്റു ചികിത്സയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.