ഹരിപ്പാട്: ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ കാലതാമസം നേരിടുന്നത് സാങ്കേതിക പ്രശ്നം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2019-20 സംസ്ഥാന ബഡ്ജറ്റിലെ വോളിയം 1 ൽ ഉൾപ്പെടുത്തുകയും മുഴുവൻ തുകക്കും ഭരണാനുമതി ലഭിക്കുകയും ചെയ്ത ഹരിപ്പാട് നിയോജകമണ്ഡലത്തിലെ നാല് പ്രവൃത്തികളിൽ ഒന്നാണ് ഹരിപ്പാട് സ്റ്റേഡിയം. എം.എൽ.എയുടെ ശുപാർശ പ്രകാരം സംസ്ഥാന കായിക-യുവജനകാര്യവകുപ്പിന് പദ്ധതി ചുമതല കൈമാറിയിരുന്നു. അതനുസരിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തു. എന്നാൽ നേരത്തെ വിഭാവനം ചെയ്തതിന് വിരുദ്ധമായി ദേശീയപാത 66 ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി 20 മീറ്ററോളം സ്ഥലം ഏറ്റെടുത്തതോടെ നിലവിലുളള മൈതാനത്തിന്റെ അര ഏക്കറോളം വിസ്തീർണം കുറയും. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മുനിസിപ്പാലിറ്റിയുടെയും പ്ലാൻഫണ്ടും കൂടി ഉൾപ്പെടുത്തി ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷന്റെ മേൽ നോട്ടത്തിൽ സ്പോർട്സ് അക്കാദമി ആരംഭിക്കുന്നതിനുളള നിർദ്ദേശവും സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ഹൈസ്ക്കൂൾ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ടുളള ചർച്ചകൾക്ക് സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിശദമായ യോഗം ചേരുന്നതാണെന്നും ചെന്നിത്തല അറിയിച്ചു.