ന്യൂഡൽഹി: 14ന് തുടങ്ങുന്ന പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി എം.പിമാരുടെ ഹാജർ മൊബൈൽ ആപ്പുവഴിയാകും രേഖപ്പെടുത്തുകയെന്നും എല്ലാ അംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്തുമെന്നും ലോക്‌സഭാ സ്‌പീക്കർ ഓംബിർള അറിയിച്ചു.
എല്ലാ എം.പിമാരും ചോദ്യങ്ങൾ ഓൺലൈൻ രൂപത്തിൽ നൽകിയതോടെ ആദ്യമായി ലോക്‌സഭ 100 ശതമാനം ഡിജിറ്റൽ ആകുകയാണെന്നും 62 ശതമാനം മറ്റു നടപടിക്രമങ്ങളും ഡിജിറ്റൽ രൂപത്തിലാകുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടികളുടെ അംഗബലമനുസരിച്ചാണ് അംഗങ്ങൾക്ക് ഇരിപ്പിടം അനുവദിക്കുക. അനുവദിക്കപ്പെട്ട ഇരിപ്പിടത്തിൽ ആരൊക്കെ ഇരിക്കണമെന്ന് പാർട്ടി നേതാക്കൾക്ക് തീരുമാനിക്കാം. ലോക്‌സഭാ ചേംബറിൽ 257 അംഗങ്ങൾക്ക് ഇരിക്കാം. 172പേരെ സന്ദർശക ഗാലറിയിൽ ഇരുത്തും. ബാക്കിയുള്ളവർക്ക് രാജ്യസഭയിലാകും ഇരിപ്പിടം.