kafeel

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് സാമൂഹിക പ്രവർത്തകനും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സർക്കാറിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി.

മാതാവ് നുസ്ഹത്ത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് നടപടി. ഹർജി 15 ദിവസത്തിനകം തീർപ്പാക്കാൻ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കഫീൽഖാന് മേൽ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിംഗ് അടങ്ങിയ ഡിവിഷൻ ബെഞ്ച് യു.പി സർക്കാരിന്റെ വാദങ്ങൾ തള്ളി.

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നടന്ന പൗരത്വവിരുദ്ധ പ്രക്ഷോഭത്തിൽ പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ച് ജനുവരി 29നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാലിന് യു.പി ആഭ്യന്തര വകുപ്പ് എൻ.എസ്.എ ചുമത്തി. മേയിൽ തടവ് മൂന്നുമാസം കൂടി നീട്ടുകയായിരുന്നു.

ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ 2017ൽ ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം നിരവധി കുട്ടികൾ മരിച്ചിരുന്നു. അന്ന് സ്വന്തം ചിലവിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് കുട്ടികളുടെ ജീവൻ രക്ഷിച്ചത് ഡോ. കഫീൽഖാനാണ്.