ന്യൂഡൽഹി : സർക്കാർ സർവീസിലുള്ളവർക്ക് മെഡിക്കൽ പി.ജി. പ്രവേശനത്തിന് സംവരണം നൽകാൻ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്നും, സംസ്ഥാനങ്ങൾക്കാണ് അവകാശമെന്നും സുപ്രീംകോടതി.

ഗ്രാമീണ, ട്രൈബൽ മേഖലകളിലെ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന എം.ബി.ബി.എസ്‌ ഡോക്ടർമാർക്ക് സംവരണം ആവശ്യപ്പെട്ട് തമിഴ്‌നാട് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ അനുകൂല വിധി. സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ നിയമം കൊണ്ടുവരാം. സർക്കാർ സർവ്വീസിലുള്ള ഡോക്ടർമാർക്ക് പി.ജി. സീറ്റുകളിൽ ക്വാട്ട നിശ്ചയിക്കാം. അഞ്ച് വർഷം ഗ്രാമീണ സർവീസുള്ളവരെ പരിഗണിക്കാം. എന്നാൽ മെഡിക്കൽ കൗൺസിലിന് ക്വാട്ട നിശ്ചിക്കാൻ അവകാശമില്ല.ഇതുവരെയുള്ള നിയമനങ്ങൾക്കല്ല, ഇനി മുതലുള്ള പ്രവേശനങ്ങൾക്കാവും ഈ ഉത്തരവ് ബാധകമെന്നും വിധിയിൽ പറയുന്നു.

പല സംസ്ഥാനങ്ങളിലും ഗ്രാമീണ സേവനത്തിന് പത്ത് മുതൽ മുപ്പത് മാർക്ക് വരെ പി.ജി.പ്രവേശനത്തിൽ ഇൻസെന്റീവായി നൽകുന്നുണ്ട്. ഇതൊഴിവാക്കി പ്രത്യേക ക്വോട്ട അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.