കർണാടകയിൽ രണ്ടു മന്ത്രിമാർക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: ആഗസ്റ്റിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 19.90 ലക്ഷം പേർക്ക്. 28,879 മരണവും റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് ആറിനാണ് രാജ്യത്തെ രോഗികൾ 20 ലക്ഷം കടന്നത്. ആഗസ്റ്റ് 31 ആകുമ്പോഴേക്കും ഇത് 36.87 ലക്ഷമായി ഉയർന്നു.ഒരാഴ്ചക്കിടെ മാത്രം അഞ്ചുലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 37 ലക്ഷവും മരണം 66,000 പിന്നിട്ടു. ജൂലായിൽ 11 ലക്ഷം പുതിയ രോഗികളും 19,000 മരണവുമാണുണ്ടായത്.
നിലവിൽ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ ഇന്ത്യയിലാണ്. ഞായറാഴ്ച 79,461 പുതിയ രോഗികളും 960 മരണവും തിങ്കളാഴ്ച 68,766 പുതിയ രോഗികളും 816 മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് രോഗികളിലും മരണത്തിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാമതാണ്.
ആശ്വാസമായി രോഗമുക്തി നിരക്ക്
രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നത് ആശ്വാസമായി. 24 മണിക്കൂറിനിടെ 65,081 പേർക്ക് രോഗമുക്തി. ആകെ രോഗമുക്തർ 28.39 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 76.94 ശതമാനം. മരണനിരക്ക് വീണ്ടും കുറഞ്ഞ് 1.77 ശതമാനമായി.
ഏറ്റവും കൂടുതൽ രോഗികളുള്ള നഗരമായി പൂനൈ മാറി. 1.75 ലക്ഷം രോഗികൾ. മുംബയിൽ 1.45 ലക്ഷവും ഡൽഹിയിൽ 1.74 ലക്ഷം രോഗികളുമാണുള്ളത്.
കർണാടകയിൽ രണ്ടുമന്ത്രിമാർക്ക് കൂടി കൊവിഡ്. ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ, വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആഭ്യന്തരയാത്രികർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഗോവ ഒഴിവാക്കി
അരുണാചലിൽ പ്രവേശിക്കുന്ന എല്ലാവരെയും റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും.
ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം സന്ദർശകർക്കായി തുറന്നു.
കൊവിഡ് ബാധിച്ച ആരോഗ്യനില വഷളായ മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയിയെ പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ സ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.