fb

ന്യൂഡൽഹി: അപകീർത്തിപരമായ പ്രസ്‌താവനകൾ പ്രസിദ്ധീകരിക്കാൻ ബി.ജെ.പി നേതാക്കളെ സഹായിക്കുന്നുവെന്ന കോൺഗ്രസ് പരാതി നിലനിൽക്കെ ഫേസ്ബുക്കിനെതിരെ പരാതിയുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്. വലതു പക്ഷ ആശയങ്ങളെ ഇല്ലാതാക്കാൻ ഫേസ്ബുക്ക് ജീവനക്കാർ ശ്രമിക്കുന്നുവെന്നാണ് മാർക്ക് സുക്കർബർഗിന് അയച്ച കത്തിൽ മന്ത്രിയുടെ പരാതി.

കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ട ഫേസ്ബുക്കിന്റെ ഇന്ത്യൻ മേധാവി അൻകി ദാസ് ബി.ജെ.പിക്കാർക്കെതിരെ പ്രവർത്തിക്കുന്നതായും മന്ത്രിയുടെ പരാതിയിൽ പറയുന്നു. ബി.ജെ.പിയോടും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മന്ത്രിമാരോടും ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികൾ രാഷ്‌ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെടുന്നു.

മച്ചിലെ പൂച്ച പുറത്തു ചാടിയെന്നായിരുന്നു രവിശങ്കർപ്രസാദിന്റെ കത്തിനെക്കുറിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയുടെ പ്രതികരണം. ഫേസ്ബുക്കിലെ ആരോപണവിധേയരായവരെ രക്ഷിക്കാനാണ് മന്ത്രിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.