ന്യൂഡൽഹി :മുഹറം യാത്രക്ക് നേരെ കാശ്മീർ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഓഗസ്റ്റ് 29ന് മുഹറം ദിനത്തിൽ ഷിയ മുസ്‌ലിം വിഭാഗം നടത്തിയ ഘോഷയാത്രയ്ക്ക് നേരെയാണ് പൊലീസ് പെല്ലറ്റ് ആക്രമണം നടത്തിയത്. അലീഗഡിലെ പത്താം ക്ലാസ് വിദ്യാർത്ഥി അജാസ് അഹ്മദിനാണ് ഒരു കണ്ണിന്റെ കഴ്ച പൂർണമായും നഷ്ടമായത്. അജാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൻവീർ അഹ്മദ്, സുഹൈൽ അഹ്മദ് എന്നിവരുടെ മുഖം വികൃതമായി.
റാലി ബെമിന ചൗക്കിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞ് യാതൊരു കാരണവുമില്ലാതെ പെല്ലറ്റ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ ആരോപിക്കുന്നു. ഓഗസ്റ്റ് 28, 29 തീയതികളിലായി ജമ്മു കാശ്മീരിൽ വിവിധയിടങ്ങളിലായി ആകെ 40ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒൻപതോളം പേർ കണ്ണിന് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ശ്രീമഹാരാജ ഹരി സിംഗ് ആശുപത്രി സൂപ്രണ്ട് നസീർ ചൗധരി പറഞ്ഞു. മുഹറം ആഘോഷങ്ങൾക്ക് 1989 മുതൽ കാശ്മീരിൽ പലയിടത്തും വിലക്കുണ്ട്. എന്നാൽ, ഷിയ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇത് ബാധകമല്ല. കൊവിഡ് പശ്ചാത്തലത്തിൽ ശരീരം മുറിവേൽപിച്ചുള്ള ആചാരങ്ങൾ ഇത്തവണ വേണ്ടെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു.