ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ നയതന്ത്ര ഉദ്യോഗസ്ഥനും പ്രമുഖ വിദ്യാഭ്യാസ ഉപദേശകനുമായിരുന്ന കത്യായനി ശങ്കർ ബാജ്‌പേയ് (92) നിര്യാതനായി. 1952ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ച ശങ്കർ ബാജ്‌പേയ് യു.എസ്, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു.1970 മുതൽ 74 വരെ സിക്കിമിൽ രാഷ്ട്രീയ കാര്യ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1965ൽ ഇന്ത്യാ-പാക് യുദ്ധവേളയിൽ പാകിസ്ഥിനിൽ അംബാസഡറായിരുന്നു. 1986ൽ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ഇദ്ദേഹം കാലിഫോർണിയ സർവകലാശാല ഉൾപ്പെടെ ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2008 മുതൽ 2010 വരെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്നു. പിതാവ് ഗിരിജ ശങ്കർ ബാജ്‌പേയിയും ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അനുശോചിച്ചു.