veera

തമിഴ്നാട്ടിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ

ന്യൂഡൽഹി: 'വളയിട്ട കൈകൾ വളയം പിടിക്കുന്നുവെന്ന" ക്ലീഷേകളെ മറ്റു പലരെയും പോലെ പണ്ടേ പറപ്പിച്ചതാണ് വീരലക്ഷ്മി. എന്നാൽ കാബ് ഡ്രൈവറിൽ നിന്ന് ആംബുലൻസ് ഡ്രൈവർ എന്ന നിലയിലേക്ക് മാറുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല, 'തമിഴ്നാട്ടിലെ 108 ആംബുലൻസിന്റെ ആദ്യ വനിതാ ഡ്രൈവറെന്ന' വിശേഷണമാണ് താൻ ഒപ്പം ചേർക്കുന്നതെന്ന്. തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സാന്നിദ്ധ്യത്തിൽ "ജീവൻ രക്ഷിക്കുന്ന' ഉത്തരവാദിത്വത്തിന്റെ പുതു വഴിയിലേക്ക് വീരലക്ഷ്മി പ്രവേശിച്ചു.

ഭർത്താവിനെ സഹായിക്കാനും വീട്ടിലേക്ക് അധിക വരുമാനം നേടാനുമാണ് കാബ് ഡ്രൈവിംഗിലേക്ക് തിരിഞ്ഞതെന്ന് 30 കാരിയായ വീരലക്ഷ്മി പറയുന്നു.

ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള വീരലക്ഷ്മിക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുമുണ്ട്.

ജൂണിലാണ് വീരലക്ഷ്മിക്ക് ആംബുലൻസ് ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചത്. കൊവിഡ് വ്യാപിച്ചിരുന്ന സമയത്ത് ജോലിയിൽ പ്രവേശിച്ചതിനാൽ വീട്ടുകാർക്ക് ചെറിയ പേടിയുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച വീരലക്ഷ്മി 108 ആംബുലൻസ് ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയാക്കി.

ആളുകളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായാൽ അവരുടെ ജീവൻ രക്ഷിക്കാനാകും. അത് കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്ന് വീരലക്ഷ്മി പറയുന്നു. ഇവർക്ക് പത്തും ആറും വയസുള്ള രണ്ട് മക്കളുമുണ്ട്.