ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരിൽ 54 ശതമാനവും 18നും 44നും ഇടയിൽ പ്രായമുള്ളവരാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളിൽ 45 നും 60നും ഇടയിലുള്ളവർ 26ശതമാനവും 17 വയസിന് താഴെയുള്ളവർ 8 ശതമാനവും 60നും അതിന് മുകളിലുമുള്ളവർ 12 ശതമാനവുമാണ്.
മരിച്ചവരിൽ 79 ശതമാനവും മറ്റ് അസുഖങ്ങളും കൂടി ഉള്ളവരാണ്. 60നും അതിന് മുകളിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ 51 ശതമാനവും. 45-60 വയസുവരെയുള്ളവരിലാണ് 36 ശതമാനം മരണം. മരിച്ചവരിൽ 26 - 44നും ഇടയിൽ പ്രായമുള്ളവരിൽ 11 ശതമാനവും18നും 25നും ഇടയിലുള്ള ഒരു ശതമാനവും 17 വയസിന് താഴെയുള്ളവർ ഒരു ശതമാനവുമാണ്.
കൊവിഡ് ബാധിതർ 38 ലക്ഷം
രോഗമുക്തർ 29 ലക്ഷം
കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. മരണം 67,000വും കടന്നു. ചൊവ്വാഴ്ച 78,168 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1027 മരണവും. അതേസമയം, രോഗമുക്തരുടെ എണ്ണം 29 ലക്ഷം കവിഞ്ഞു. 17 ദിവസം കൊണ്ട് 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 12 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന രോഗമുക്തി നിരക്കുണ്ട്. പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണം തുടർച്ചയായി ആറാം ദിവസവും 60,000ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 62,026 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 76.98 ശതമാനമായി വർദ്ധിച്ചു. രോഗമുക്തരായവരും നിലവിൽ രോഗികളായവരും തമ്മിലുള്ള വ്യത്യാസം 21 ലക്ഷത്തിലധികമായതായും കേന്ദ്രസർക്കാർ അറിയിച്ചു.
മരണനിരക്ക് കുറഞ്ഞു
രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.76 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആഗോള ശരാശരി 3.3 ശതമാനമാണ്. രാജ്യത്തെ ദശലക്ഷത്തിലെ മരണനിരക്ക് 48 ആണ്. ആഗോളതലത്തിൽ ഇത് 110 ആണ്.
മറാത്തി ന്യൂസ് ചാനലിലെ മാദ്ധ്യമ പ്രവർത്തകൻ (42) കൊവിഡ് ബാധിച്ച് മരിച്ചു.
കർണാടകയിലെ എം.എൽ.എ അഞ്ജലി നിംബൽക്കർക്ക് കൊവിഡ്
രാജസ്ഥാനിൽ ഒരു കോൺഗ്രസ് എം.എൽ.എയ്ക്കും മൂന്ന് ബി.ജെ.പി എം.എൽ.എയ്ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വീണ്ടും ക്വാറന്റൈനിൽ