ന്യൂഡൽഹി: സെപ്‌തംബർ 14ന് തുടങ്ങുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. എന്നാൽ രേഖാമൂലം ചോദ്യങ്ങൾ ഉന്നയിക്കാമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ഒക്‌ടോബർ ഒന്ന് വരെ നീളുന്ന സമ്മേളനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്‌ക്ക് ശേഷവുമാണ് സമ്മേളിക്കുക.രാജ്യസഭ 14ന് ഒഴികെ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയും 14ന് ഒഴികെയുള്ള ദിവസങ്ങളിൽ ലോക്‌സഭ ഉച്ചയ്‌ക്ക് മൂന്നു മുതൽ വൈകിട്ട് ഏഴു മണിവരെയും ദിവസം നാല് മണിക്കൂർ മാത്രം സമ്മേളിക്കുന്ന സാഹചര്യത്തിലാണ് ചോദ്യോത്തര വേള, എം.പിമാരുടെ സ്വകാര്യ ബിൽ തുടങ്ങിയവ ഒഴിവാക്കുന്നത് . ശൂന്യവേള അരമ ണിക്കൂറായി ചുരുക്കും. ചോദ്യോത്തര വേളയിൽ എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിമാരെ സഹായിക്കുന്ന വിവിധ മന്ത്രാലയങ്ങളിൽ ഉദ്യോഗസ്ഥർക്കും പാർലമെന്റിനുള്ളിൽ വരേണ്ടിവരും. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കാനാണ് ചോദ്യോത്തര വേള ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വിശദീകരിക്കുന്നു.
എന്നാൽ ,മണ്ഡലങ്ങളിലെ പ്രധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാനുള്ള വേദി ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്. ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.എതിർപ്പ് രൂക്ഷമായതിനെ തുടർന്നാണ് രേഖാമൂലം ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി നൽകുന്നത്.