flag

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ രണ്ട് ഇന്ത്യക്കാരുടെ പേരിൽ ഭീകര ബന്ധം ആരോപിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടു. ഭീകരവിരുദ്ധ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള സമിതിക്ക് മുന്നിലാണ് ഇന്ത്യക്കാരായ അങ്കാര അപ്പാജി, ഗോബിന്ദ പട്‌നായിക് എന്നിവർക്ക് ഭീകരബന്ധമുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചത്. എന്നാൽ ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം എന്നീ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ സുരക്ഷാ കൗൺസിൽ അതു തള്ളി. മാസങ്ങൾക്ക് മുമ്പ് അജോയ് മിസ്‌ട്രി, വേണു മാധവ് ദോങ്കാര എന്നിവർക്കെതിരെയും പാകിസ്ഥാൻ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും കൗൺസിൽ തള്ളിയിരുന്നു.

അൽക്വയ്‌ദ, താലിബാൻ എന്നിവയുടെയും സഹോദര ഗ്രൂപ്പുകളുടെയും ഭീകരപ്രവർത്തനങ്ങൾക്കെതിരായ നടപടികളാണ് സുരക്ഷാ കൗൺസിലിന്റെ പ്രധാന ദൗത്യം. ഈ കമ്മിറ്റിയാണ് ഇന്ത്യയുടെ ആരോപണങ്ങൾ ശരിവച്ച് ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. ഈ സംഭവത്തിന് ശേഷം ഇന്ത്യക്കാർക്ക് ഭീകര ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പാകിസ്ഥാൻ സ്ഥിരമായി ശ്രമിച്ചുവരികയാണ്.