ന്യൂഡൽഹി:നഗരത്തിൽ വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സ്‌മോഗ് ടവർ കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാറിൽ സ്ഥാപിക്കുന്ന സ്‌മോഗ് ടവറിന്റെ നിർമ്മാണം 10 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സ്‌മോഗ് ടവർ സ്ഥാപിക്കാൻ 10 മാസമെടുക്കുമെന്നും ഈ സമയപരിധി കുറയ്ക്കാൻ അധികൃതർക്ക് സാധിക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ഉത്തരവ്. ഐ.ഐ.ടി. ബോംബെയുടെ മേൽനോട്ടത്തിലുള്ള സ്‌മോഗ് ടവറിന്റെ നിർമാണച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. പദ്ധതിയിൽനിന്ന് പിൻവാങ്ങുമെന്ന് ഐ.ഐ.ടി. ബോംബെ മുമ്പ് സൂചന നൽകിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതി രംഗത്തുവരുകയും ഐ.ഐ.ടി. ബോംബെയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. മൂന്നുമാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ജനുവരി 13നുള്ള കോടതിയുടെ ഉത്തരവ്. 18.52 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.