
ന്യൂഡൽഹി: പരിസ്ഥിതി ആഘാത നിർണയ പഠന കരട് വിജ്ഞാപനം 22 ഭാഷകളിൽ പ്രസിദ്ധീകരിക്കണമെന്ന വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകി.
നേരത്തെ, ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടിരുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്യുക മാത്രമാണുണ്ടായത്.
'പ്രാദേശിക ഭാഷയിൽ വിജ്ഞാപനം കഴിയില്ലെങ്കിൽ ഔദ്യോഗിക ഭാഷാ നിയമം ഭേദഗതി ചെയ്യണം. കർണാടകയിലും മഹാരാഷ്ട്രയിലും ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ആൾക്കാരുണ്ട്. ഇപ്പോൾ പരിഭാഷ എളുപ്പമുള്ള കാര്യമാണ്. സുപ്രീംകോടതി വിധികളും പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ടെന്ന്" വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഡൽഹി ഹൈക്കോടതിയെ തന്നെ സമീപിക്കാൻ നിർദേശിച്ചു. ഇതോടെ കേന്ദ്രസർക്കാർ ഹർജി പിൻവലിച്ചു ഡൽഹി ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകുകായിരുന്നു. ഹർജിയിൽ പരിസ്ഥിതി പ്രവർത്തകർ 23നകം നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.