bihar-nda

ജിതിൻ റാം മാഞ്ചിയുടെ വരവിൽ എൽ.ജെ.പിക്ക് അതൃപ്തി

ന്യൂഡൽഹി: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണമുന്നണിയായ എൻ.ഡി.എയിൽ അസ്വാരസ്യം. മുന്നണിയിലേക്ക് മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച മടങ്ങി വന്നതിൽ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എൽ.ജെ.പിക്ക് അതൃപ്തിയുണ്ട്. എച്ച്.എ.എമ്മിന്റെ മടങ്ങിവരവ് ജെ.ഡി.യുവും ബി.ജെ.പിയും സ്വാഗതം ചെയ്തു.

എൽ.ജെ.പി ദേശീയ അദ്ധ്യക്ഷൻ ചിരാഗ് പാസ്വാനുമായി ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മറ്റൊരു ദളിത് നേതാവായ മാഞ്ചിയെ മുഖ്യമന്ത്രി നിതീഷ് കുമാർ മടക്കിയെത്തിച്ചതെന്നാണ് റിപ്പോർട്ട്.

വെള്ളപ്പൊക്കം,കൊവിഡ്, കുടിയേറ്റ തൊഴിലാളികളുടെ മടക്കം എന്നീ വിഷയങ്ങൾ സർക്കാർ കൈകാര്യം ചെയ്തതിൽ നിതീഷ് കുമാറിനെതിരെ പാസ്വാൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം പത്രങ്ങളിൽ രാംവിലാസ് പാസ്വാന്റെയും ചിരാഗിന്റെയും വലിയ ചിത്രങ്ങൾ സഹിതം മുഴുവൻ പേജ് പരസ്യം നൽകി. ഇത് ജെ.ഡി.യുവിനെ ലക്ഷ്യമിട്ടാണെന്ന് വിമർശനമുയർന്നു.

നിതീഷ് കുമാറിനെതിരെയുള്ള നീക്കം അനുവദിക്കില്ലെന്ന് മാഞ്ചി വ്യക്തമാക്കിയതോടെ മുന്നണിയിലെ അസ്വാരസ്യം പുറത്തുവന്നിരിക്കുകയാണ്. നിതീഷ്‌കുമാർ കാരണമാണ് താൻ മടങ്ങിവന്നതെന്നും മാ‌ഞ്ചി പറഞ്ഞു. അതേസമയം പരസ്യം നിതീഷ്‌കുമാറിനെതിരെയല്ലെന്ന് എൽ.ജെ.പി വക്താവ് അഷ്‌റഫ് അൻസാരി പറഞ്ഞു.

എൽ.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഏഴിന് ചേരും. ബി.ജെ.പിയാണ് തങ്ങളുടെ സഖ്യകക്ഷിയെന്നാണ് എൽ.ജെ.പി നിലപാട്. ജെ.ഡി.യുവുമായി സൗഹൃദ മത്സരം നടത്തുന്ന കാര്യവും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

ബിഹാറിൽ മുഖ്യമന്ത്രി സ്ഥാർത്ഥി നിതീഷ് കുമാർ തന്നെയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തിൽ ഐക്യമുണ്ടായിട്ടില്ല. സ്വന്തം നിലയിൽ തന്നെ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആർ.കെ സിംഗ് പറഞ്ഞു. പക്ഷേ ജെ.ഡി.യുമായുള്ള ബന്ധം തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
243 സീറ്റിൽ 115 സീറ്റ് വേണമെന്ന നിലപാടാണ് ജെ.ഡി.യുവിന്. ഇരുപാർട്ടികളും സീറ്റുകൾ തുല്യമായി വീതിക്കണമെന്നതാണ് ബി.ജെ.പി നിലപാട്. ആറ് ലോക്‌സഭാ സീറ്റുള്ള എൽ.ജെ.പി 36 നിയമസഭാ സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെയാണ് മാഞ്ചിയുടെ പാർട്ടിയും രംഗത്തെത്തിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്

ബിഹാറിലെ വാത്മീകി നഗറാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലം. സിറ്റിംഗ് എം.പി ജെ.ഡി.യുവിലെ ബൈദ്യനാഥ് പ്രസാദ് മഹ്‌തോ അന്തരിച്ചതിനെ തുടർന്നാണ് ഒഴിവുണ്ടായത്.