parliament

ന്യൂഡൽഹി: ഈമാസം 14ന് തുടങ്ങുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കുമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. തീരുമാനം പുന:പരിശോധിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മാറ്റവുമായി സഹകരിക്കണമെന്നും സർക്കാർ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി താത്‌ക്കാലികമായി ഒഴിവാക്കുന്ന ചോദ്യോത്തര വേളയ്ക്ക് പകരം ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകാനാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ദിവസം 160 എന്ന തോതിൽ ആഴ്ചയിൽ 1,120 ചോദ്യങ്ങൾക്ക് മറുപടി ലഭിക്കും. ശീതകാല സമ്മേളനം മുതൽ ചോദ്യോത്തര വേള പുനഃരാരംഭിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

രാജ്യസഭ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയും ലോക്‌സഭ ഉച്ചയ്‌ക്ക് മൂന്നു മുതൽ വൈകിട്ട് ഏഴുമണിവരെയുമാണ് ചേരുന്നത്. ഒക്‌ടോബർ ഒന്നുവരെ അവധി ദിനങ്ങൾ ഒഴിവാക്കി നടക്കുന്ന സമ്മേളനത്തിൽ എം.പിമാരുടെ സ്വകാര്യ ബിൽ അവതരണം ഒഴിവാക്കിയതിലും സുപ്രധാന വിഷയങ്ങൾ അവതരിപ്പിക്കുന്ന ശൂന്യവേള അരമണിക്കൂറായി വെട്ടിക്കുറച്ചതിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്.