ന്യൂഡൽഹി: 75 ജീവനക്കാർ കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി - ചണ്ഡീഗഡ് ദേശീയപാതയിലെ പ്രശസ്തമായ രണ്ടു ഭക്ഷണശാലകൾ അടച്ചു. അംറിക് സുഖ്‌ദേവ് ധാബയിലെ 65 ജീവനക്കാർക്കും ബോളിവുഡ് താരം ധർമ്മേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഗരം ധരം ധാബയിലെ പത്തു ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഡൽഹിക്കും ചണ്ഡീഗഡിനുമിടയിൽ മുർതാലിലാണ് പ്രശസ്തമായ ഈ രണ്ടു ഭക്ഷണശാലകളും.
സുഖ്‌ദേവ് ധാബയിലെ 360 ജീവനക്കാരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഏകദേശം 10,000 പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ ധാബകളിലെത്തിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചെന്ന് അധികൃതർ അറിയിച്ചു.