pf

കൂടുതൽ വിഹിതം അടച്ചാൽ കൂടുതൽ പെൻഷൻ

നിലവിലുള്ള അംഗങ്ങളുടെ വിഹിതത്തിൽ മാറ്റം ഉണ്ടാവില്ല

ന്യൂഡൽഹി:പുതുതായി ചേരുന്ന അംഗങ്ങൾക്ക് കൂടുതൽ ശമ്പളവിഹിതം അടച്ചാൽ കൂടുതൽ പെൻഷൻ ലഭിക്കുന്ന വിധത്തിൽ ഇ.പി.എഫ് പെൻഷൻ നിയമത്തിൽ ഭേദഗതി പരിഗണനയിൽ. ബുധനാഴ്‌ച കേന്ദ്രതൊഴിൽ മന്ത്രി സന്തോഷ് ഗംഗ്‌വാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്‌റ്റി ബോർഡ് ഇക്കാര്യം ചർച്ച ചെയ്യും. 1995ലെ എംപ്ളോയീസ് പെൻഷൻ സ്‌കീം നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.

നിലവിലുള്ള അംഗങ്ങൾക്ക് ഭേദഗതി ബാധകമാവില്ല. അവരുടെ വിഹിതത്തിൽ മാറ്റവും ഉണ്ടാവില്ല.പരമാവധി ശമ്പളം 15,​000 രൂപ എന്ന് കണക്കാക്കുന്ന നിയമപ്രകാരം എത്ര ഉയർന്ന ശമ്പളമുള്ളവർക്കും തുച്ഛമായ പെൻഷനാണ് കിട്ടിയിരുന്നത്. അതിനെതിരെയുള്ള കേസിൽ യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി പൂർണമായി നടപ്പായിട്ടില്ല. സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി ഈ വിധിക്കെതിരെ ഇ.പി.എഫ്.ഒ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചില്ല. പുനഃപരിശോധനാ ഹർജിയും തീർപ്പായിട്ടില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തം നിലയ്‌ക്ക് കോടതിയെ സമീപിക്കുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നുണ്ട്. മറ്റുള്ളവർക്ക് നിലവിലെ ചട്ടപ്രകാരം 15,000 ശമ്പള പരിധി കണക്കാക്കിയുള്ള പെൻഷൻ മാത്രമെ ലഭിക്കുന്നുള്ളൂ.

ഈ പശ്ചാത്തലത്തിലാണ് പുതിയ അംഗങ്ങൾ കൂടുതൽ വിഹിതം അടച്ചാൽ അതിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകാനുള്ള ഭേദഗതി ഇ.പി.എഫ്.ഒ പരിഗണിക്കുന്നത്. ഉയർന്ന പെൻഷന് ആവശ്യമായ തുക ശമ്പളവിഹിതത്തിലൂടെ ലഭിക്കുമെന്നതിനാൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.