ന്യൂഡൽഹി: കിഴക്കൻ ലഡാക് അതിർത്തിയിൽ തുടരുന്ന സംഘർഷത്തിന് കാരണം ചൈന ഉഭയകക്ഷി ധാരണകൾ ലംഘിച്ചതാണെന്നും പാംഗോംഗ് തടാകക്കരയിൽ അടക്കം കടന്നുകയറിയ പ്രദേശത്ത് നിന്നും ചൈനീസ് പട്ടാളം പിന്മാറമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിൽ ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വീ ഫെംഗെയുമായുള്ള കൂടിക്കാഴ്ചയിൽ തുറന്നടിച്ചു.
റഷ്യയിൽ ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.
എന്നാൽ ഇന്ത്യയ്ക്ക് മേൽ പഴിചാരാനാണ് ചൈനീസ് പ്രതിരോധമന്ത്രി ശ്രമിച്ചത്.
'ചൈനയുടെ ഒരിഞ്ച് ഭൂമിപോലും വിട്ടുനൽകില്ലെന്നും അതിർത്തിയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇന്ത്യയാണെന്നും' വീ ഫെംഗെയും പറഞ്ഞു.
പാംഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് രണ്ട് പോയിന്റുകളിൽ ഇന്ത്യൻ സേനയുമായി മുഖാമുഖം നിൽക്കും വിധം ചൈനീസ് സൈനിക വിന്യാസം ശക്തമാക്കുന്നതിനിടെയായിരുന്നു പ്രതിരോധ മന്ത്രിമാരുടെ രണ്ടരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. മേയ് മാസത്തിൽ സംഘർഷം രൂക്ഷമായ ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഇരുപക്ഷവും സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നപ്പോഴും അതിർത്തിയിൽ സമാധാനം നിലനിറുത്തണമെന്നും അതിനായി കൂടുതൽ ചർച്ച നടത്താനും ഇരുവരും ധാരണയിലെത്തി.
പ്രത്യേക പ്രതിനിധികൾ തമ്മിലുണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമായി വൻ സൈനിക വിന്യാസത്തിലൂടെ യഥാർത്ഥ നിയന്ത്രണരേഖയുടെ തത്സ്ഥിതി മാറ്റുന്ന ഏകപക്ഷീയമായ കടന്നുകയറ്റമാണ് ചൈന നടത്തിയതെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
'രാജ്യത്തിന്റെ അതിർത്തിയും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഉഭയകക്ഷി ധാരണകളെ അടിസ്ഥാനമാക്കി മുന്നോട്ട് നീങ്ങണം. ഭിന്നതകൾ തർക്കങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കണം. പാംഗോംഗ് തടാകത്തിന് വടക്ക് യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് കടന്നുകയറിയ ചൈനീസ് പട്ടാളത്തെ പൂർണമായി പിൻവലിക്കണമെന്നും' രാജ്നാഥ് ആവശ്യപ്പെട്ടു.
തങ്ങളുടെ പരമാധികാരം പ്രധാനമാണെന്നും സൈന്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും ചൈനീസ് സംഘവും പ്രതികരിച്ചു. അതിർത്തിയിലെ സംഭവ വികാസങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. ഇന്ത്യൻ സൈന്യം പ്രകോപനപരമായ നിലപാടെടുക്കുന്നത് തടയണമെന്നും തങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ചർച്ചകളിലെ ധാരണകളും മറ്റ് ഉഭയകക്ഷി ഉടമ്പടികളും പാലിക്കാൻ നയതന്ത്ര-സൈനിക തലത്തിൽ കൂടുതൽ ചർച്ചകൾ നടത്താനും ആശയവിനിമയം ഉറപ്പുവരുത്താനും ഇരുപക്ഷവും തീരുമാനിച്ചു. നിയന്ത്രണ രേഖയെ മാനിച്ചും ഏകപക്ഷീയമായ കടന്നുകയറ്റം ഒഴിവാക്കിയും മാത്രമേ അതിർത്തിയിൽ സമാധാനം നിലനിറുത്താൻ കഴിയൂ എന്ന് രാജ്നാഥ് സിംഗ് ഓർമ്മിപ്പിച്ചു.
ചൈനയുടെ ക്ഷണപ്രകാരമാണ് രാജ്നാഥ് ചർച്ചയ്ക്ക് തയ്യാറായത്.