life-mission-vadakkancher

ന്യൂഡൽഹി:വടക്കാഞ്ചരിയിലെ വിവാദ ലൈഫ് മിഷൻ പദ്ധതിക്കായി യു.എ.ഇയിലെ റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെ പറ്റി കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് വിശദീകരണം തേടും. യു.എ.ഇ സർക്കാരിന്റെ ഭാഗമായ റെഡ്‌ക്രസന്റുമായുള്ള നടപടികൾക്ക് അനുമതി തേടാതിരുന്നത് വീഴ്‌ചയായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്.

റെഡ്ക്രസന്റ് സന്നദ്ധ സംഘടനയാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം വിദേശമന്ത്രാലയം അംഗീകരിക്കുന്നില്ല. അതിനെ യു.എ.ഇ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജൻസിയായാണ് കണക്കാക്കുന്നത്. വിദേശരാജ്യങ്ങളുമായോ, ഏജൻസികളുമായോ സഹകരിക്കാൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ലൈഫ് മിഷൻ കരാറിന് കേരളം അനുമതി തേടിയിട്ടില്ല. റെഡ്ക്രസന്റിന് ഇന്ത്യയിൽ പ്രവർത്തിക്കാനും അനുമതി ഇല്ല. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ കരാറിന്റെ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.