icmr

ന്യൂഡൽഹി: ആവശ്യപ്പെടുന്നവർക്കെല്ലാം കൊവിഡ് പരിശോധന ( ടെസ്റ്റിംഗ് ഓൺ ഡിമാൻഡ് )​ നടത്തണമെന്ന് ഐ.സി.എം.ആറിന്റെ പുതിയ മാർഗ നിർദ്ദേശം. ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ നിർദ്ദേശപ്രകാരമാണിത്. നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം.

കണ്ടെയൻമെന്റ് സോണുകളിലുള്ള എല്ലാവർക്കും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. പ്രത്യേകിച്ച് രോഗവ്യാപനം കൂടിയ നഗരങ്ങളിൽ. ഈ ടെസ്റ്റിൽ നെഗറ്റീവ് ആയവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ശസ്ത്രക്രിയ നിശ്ചയിച്ചവർക്ക് 14 ദിവസം ഹോം ക്വാറന്റൈൻ വേണം. കൊവിഡ് പരിശോധന വൈകുന്നതിന്റെ പേരിൽ ഗർഭിണികൾക്ക് ചികിത്സ വൈകരുത്. പരിശോധനാ സൗകര്യം ഇല്ലാതെ ഗർഭിണികളെ റഫർ ചെയ്യരുതെന്നും സാമ്പിളുകൾ ശേഖരിച്ച് കൈമാറാൻ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്നും നിർദ്ദേശിച്ചു.

 കണ്ടെയ്ൻമെന്റ് സോണുകളിൽ

 പതിവ് നിരീക്ഷണം, പ്രവേശന സ്ഥലങ്ങളിൽ സ്‌ക്രീനിംഗ് എന്നിവയ്ക്ക് റാപ്പിഡ് ആന്റിജൻ പരിശോധന

 രോഗലക്ഷണമുള്ള ആരോഗ്യ,​ പ്രതിരോധ പ്രവർത്തകർക്ക് മുൻഗണന.

 ഹൈറിസ്‌കിലുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കണം.

 നേരിട്ട് സമ്പർക്കത്തിൽ വന്നവരെയും ഹൈറിസ്‌കിലുള്ളവരെയും പരിശോധിക്കണം

 നോൺ കണ്ടെയ്ൻമെൻറ് സോണുകളിൽ

 ആർ.ടി.പി.സി.ആർ ടെസ്റ്റിന് പ്രഥമ പരിഗണന.

 14 ദിവസത്തിനുള്ളിൽ വിദേശയാത്ര നടത്തിയവരിൽ ലക്ഷണമുള്ളവരെ പരിശോധിക്കണം.

 കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും പരിശോധിക്കണം.

 ആശുപത്രികളിൽ പരിശോധിക്കേണ്ടവർ

 ആർ.ടി.പി.സി.ആർ ടെസ്റ്റിന് പ്രഥമ പരിഗണന.
 ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളുള്ള രോഗികൾ

 പ്രതിരോധശേഷി ഇല്ലാത്തവർ, മാരക രോഗമുള്ളവർ, അവയവമാറ്റം നടത്തിയവർ, വിട്ടുമാറാത്ത രോഗമുള്ളവർ, 65 വയസുള്ളവർ

 അപകടസാദ്ധ്യത കൂടിയ മറ്റ് രോഗികൾ

 ശസ്ത്രക്രിയ / ശസ്ത്രക്രിയേതര പ്രക്രിയകൾക്ക് വിധേയരാകുന്ന കൊവിഡ് ലക്ഷണമില്ലാത്ത രോഗികൾ

 ആശുപത്രിയിൽ കഴിയുന്ന ഗർഭിണികൾ

 ശ്വാസംമുട്ടൽ പോലെ രോഗലക്ഷണമുള്ള നവജാതശിശുക്കൾ.