ന്യൂഡൽഹി: നിയന്ത്രണ രേഖ അതിക്രമിച്ചു കടന്ന് അതിർത്തിയിൽ നിരന്തരം പ്രകോപനമുണ്ടാക്കാൻ പട്ടാളത്തെ പറഞ്ഞുവിടുന്ന ചൈനീസ് ഭരണകൂടം കണ്ടു പഠിക്കാൻ ഇതാ ഇന്ത്യൻ സേനാംഗങ്ങളുടെ മനുഷ്യസ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും ഒരു ഉത്തമ മാതൃക.
സിക്കിം അതിർത്തിയിൽ വഴിതെറ്റി ഇന്ത്യൻ പ്രദേശത്തു കടന്ന്, കൊടും തണുപ്പിൽ ഭക്ഷണം പോലുമില്ലാതെ അലഞ്ഞ ചൈനീസ് കുടുംബത്തിന് സഹായഹസ്തവുമായി ഓടിയെത്തിയാണ് സൈനികർ രക്ഷകരായത്. സിക്കിമിന് വടക്ക് 17,500 അടി ഉയരെ പൂജ്യം ഡിഗ്രിക്കും താഴെയുള്ള മേഖലയിൽ കാറിൽ യാത്ര ചെയ്യവെയാണ് ഒരു വനിതയും രണ്ടു പുരുഷൻമാരുമുൾപ്പെട്ട കുടംബത്തിന് വഴി തെറ്റിയത്.
ഇന്ത്യൻ സൈനികർ സമീപിച്ചപ്പോൾ, മൂവരും ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതാണ് കണ്ടത്. ഉടൻ ഓക്‌സിജൻ സിലിണ്ടർ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. വിശന്നു തളർന്ന സഞ്ചാരികൾക്ക് ഭക്ഷണവും തണുപ്പകറ്റാൻ കമ്പിളി വസ്‌ത്രങ്ങളും നൽകി. ശേഷം വഴി പറഞ്ഞു കൊടുത്ത് മൂവരെയും സ്വന്തം രാജ്യത്തേക്ക് യാത്രയാക്കുകയും ചെയ്തു.
ചൈനക്കാരെ സഹായിക്കുന്നതിന്റെ ചിത്രങ്ങൾ 'മാനുഷിക മൂല്യം, ഇന്ത്യൻ സേന, ആദ്യം രാജ്യം' എന്നീ ടാഗുകളോടെ സേന ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തിരുന്നു.