ന്യൂഡൽഹി: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശ് തുടർച്ചയായ മൂന്നാം വർഷവും ഒന്നാമത്. യു.പിക്ക് രണ്ടാം റാങ്കും തെലങ്കാനയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു. കേരളം 28-ാമതാണ്. കഴിഞ്ഞതവണ 21-ാം റാങ്ക് ആയിരുന്നു കേരളത്തിന്. ത്രിപുരയാണ് ഏറ്റവും അവസാനം. 36ാം റാങ്ക്.
കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് 2019ലെ പട്ടിക തയാറാക്കിയത്.
മദ്ധ്യപ്രദേശ് (4), ജാർഖണ്ഡ് (5), ചത്തീസ്ഗഡ് (6), ഹിമാചൽപ്രദേശ് (7),രാജസ്ഥാൻ (8), പശ്ചിമബംഗാൾ (9), ഗുജറാത്ത് (10) എന്നിങ്ങനെയാണ് സ്ഥാനം.
2018ൽ 10 ാം സ്ഥാനത്തുണ്ടായ യു.പിയാണ് രണ്ടാം റാങ്കിലെത്തിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന മൂന്നിലേക്ക് ഇറങ്ങി. മൂന്നാമതുണ്ടായിരുന്ന ഹരിയാന 16 ാം റാങ്കിലേക്ക് താഴ്ന്നു. 23ാം സ്ഥാനത്തുണ്ടായിരുന്ന ഡൽഹി 12ാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചാം സ്ഥാനത്ത് നിന്നാണ് ഗുജറാത്ത് പത്താം റാങ്കിലെത്തിയത്. തമിഴ്‌നാട് 14 ാംറാങ്ക്., കർണാടകയ്ക്ക് 17.