india-china-issue

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ, അതിർത്തി മേഖലയിൽ റോഡ് നിർമ്മാണം വേഗത്തിലാക്കി ഇന്ത്യ. അടിയന്തര സാഹചര്യം വന്നാൽ അതിർത്തിയിലേക്ക് സൈനിക വാഹനങ്ങളും ആയുധങ്ങളും സുരക്ഷാ സേനകളെയും വേഗത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ റോഡ് നിർമ്മാണം അതിവേഗത്തിലാക്കിയത്.

രണ്ടു ഷിഫ്റ്റുകളായി 24 മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനായി അത്യാധുനിക യന്ത്രങ്ങളും കൂടുതൽ തൊഴിലാളികളെയും എത്തിച്ചു. ലേയിലേക്കുള്ള റോഡ് നിർമ്മാണവും മണ്ണിടിച്ചിലും മറ്റും കാരണം തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ, പാറക്കഷണങ്ങളും മറ്റും നീക്കി ഗതാഗതം തടസം നീക്കൽ തുടങ്ങിയവയാണ് തകൃതിയായി നടക്കുന്നത്. തണുപ്പ് കാലം ആരംഭിക്കുന്നതിന് മുൻപ് പ്രവർത്തികൾ പൂർത്തിയാക്കും. സൈന്യത്തിനും മറ്റ് സുരക്ഷാ സേനകൾക്കും എത്ര വലിയ മെഷിനറികൾ കൊണ്ടുപോകാനും സാധിക്കുന്ന തരത്തിലാണ് റോഡ് നിർമ്മാണം. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചതോടെ റോഡ് നിര്‍മ്മാണത്തിൻറെ വേഗം പത്ത് മടങ്ങ് വർദ്ധിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.