ന്യൂഡൽഹി: ഉദുമൽപേട്ട ദുരഭിമാനക്കൊലക്കേസിൽ തന്റെ അച്ഛനടക്കം ആറ് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ പരാതിക്കാരി കൗസല്യയും തമിഴ്‌നാട് സർക്കാരും സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കൗസല്യയുടെ അച്ഛൻ ബി. ചിന്നസ്വാമിയ്ക്ക് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അടങ്ങിയ മൂന്നംഗ ബെഞ്ച് നോട്ടീസ് അയച്ചു.
2016 മാർച്ച് 13 നാണ് എൻജിനിയറിംഗ് കോളേജിലെ സഹപാഠിയും ഉയർന്ന ജാതിയിൽപ്പെട്ടവളുമായ കൗസല്യയെ വിവാഹം കഴിച്ചതിന് ദളിതനായ ശങ്കറിനെ (22) ബൈക്കിലെത്തിയ സംഘം ഉദുമൽപേട്ട ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് കൊലപ്പെടുത്തിയത്. കൗസല്യക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ചിന്നസ്വാമിയും കൗസല്യയുടെ അമ്മാവൻ പാണ്ടിദുരൈയും ചേർന്ന് കൊലപാതകം നടത്താൻ വാടകക്കൊലയാളികളെ നിയോഗിച്ചുവെന്നാണ് കേസ്.
കേസിൽ 2017 ൽ വിചാരണ പൂർത്തിയാക്കി ചിന്നസ്വാമി അടക്കം ആറ് പ്രതികൾക്ക് തിരുപ്പൂർ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കൗസല്യയുടെ അമ്മ അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ, ബന്ധുവായ 16 കാരൻ എന്നിവരെ കോടതി വെറുതെവിട്ടു. എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ മദ്രാസ് ഹൈക്കോടതി ഒന്നാം പ്രതിയായിരുന്ന ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കി. ബാക്കിയുള്ള അഞ്ച് പ്രതികളുടെ വധശിക്ഷ റദ്ദാക്കി 25 വർഷത്തെ കഠിന തടവാക്കി ചുരുക്കുകയും ചെയ്തു.