mullapperiyar-

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് സുപ്രീം കോടതിയിൽ റിട്ട് ഹർജി. കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസി മോൾ ജോസ് എന്നിവരാണ് ഹർജി നൽകിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ,ഇൻസ്ട്രമെന്റേഷൻ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേൽനോട്ട സമിതിയാണെന്ന് ഹർജിയിൽ പറയുന്നു.സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നില്ല. അതിനാൽ ഉപസമിതികൾ പിരിച്ച് വിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് 9ന് ഹർജി പരിഗണിക്കും. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഡോ. എസ്. ഗോപകുമാരൻ നായർ ഹാജരാകും.