covid

ന്യൂഡൽഹി : ബെംഗളൂരുവിലെ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ പ്രവർത്തിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്റർ 15ന് അടച്ചുപൂട്ടും. രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കൊവിഡ് സ്ഥിരീകരിച്ചവർക്കായി നിർമ്മിച്ച സെന്ററായിരുന്നു ഇത്. രോഗികൾ എത്താത്തത് മൂലമാണ് ഇത് അടയ്ക്കുന്നത്.

ഇത് സംബന്ധിച്ച ഉത്തരവ് ബെംഗളൂരൂ നഗരസഭ പുറത്തിറക്കി. 10,000 കിടക്കകളുള്ള കൊവിഡ് കെയർ സെന്ററാണ് ഇത്. മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ വിളിച്ചു ചേർത്ത യോഗത്തിലാണ് കൊവിഡ് കെയർ ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശം കണക്കിലെടുത്ത് സെന്റർ പൂട്ടുന്നതിന് തീരുമാനമെടുത്തത്. കിടക്കകളും ഉപകരണങ്ങളും ഫർണിച്ചറുകളും സർക്കാർ ആശുപത്രികൾക്കും മറ്റുമായി നൽകും.

രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കൊവിഡ് സ്ഥിരീകരിച്ചവർക്ക് നിലവിൽ വീടുകളിൽ തന്നെയാണ് ചികിത്സ നൽകുന്നത്. ഇതേത്തുടർന്നാണ് സെന്ററിലേക്ക് ആളുകൾ എത്താതെ വന്നത്.