bb

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റനാഷണലിന്റെ (ബി.കെ.ഐ) രണ്ട് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിൽ. ഭുപേന്ദർ എന്ന ദിലാവർ, കുൽവന്ത് സിംഗ് എന്നിവരെയാണ് പിടികൂടിയതെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറിയിച്ചു. ലുധിയാനയിൽ താമസിച്ചിരുന്ന ഇവർ വടക്ക് പടിഞ്ഞാറ് ഡൽഹിയിലെത്തിയപ്പോഴാണ് നിരൺകാരി കോളനിക്ക് സമീപത്ത് നിന്ന് പിടിയിലായത്. ആദ്യം വെടിയുതിർത്ത് എതിർക്കാൻ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് ഇവരെ കീഴടക്കി. ആറു തോക്കുകളും 40 ബുള്ളറ്റും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു. ഡൽഹിയിലെയും പഞ്ചാബിലെയും പ്രമുഖ രാഷ്ട്രീയക്കാരെ വധിക്കുകഎന്ന ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നാണ് സൂചന. ഖലിസ്താൻ എന്ന പേരിൽ സ്വതന്ത്ര്യ സിഖ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും സംഘടിതവുമായ ഭീകര സംഘടനയാണ് 1978ൽ സ്ഥാപിതമായ ബബ്ബർ ഖൽസ ഇന്റനാഷണൽ. ഇന്ത്യയെ കൂടാതെ കാനഡ, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ബബ്ബർ ഖൽസയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.