ന്യൂഡൽഹി: റഷ്യയിൽ ഷാംഗായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി എത്തുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് മന്ത്രി വാംഗ് യിയും തമ്മിൽ ചർച്ചയ്‌ക്ക് വഴിയൊരുങ്ങി. കഴിഞ്ഞയാഴ്‌ച ഇവിടെ നടന്ന പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിും ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗെയും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാൻ എസ്. ജയശങ്കർ ഇന്നു വൈകിട്ടും വാംഗ് യി നാളെയുമാണ് റഷ്യയിൽ എത്തുന്നത്. ബുധനാഴ്‌ച ചർച്ചയുണ്ടാകുമെന്നാണ് സൂചനെ. പ്രതിരോധ മന്ത്രിമാരുടെ ചർച്ചയിൽ അതിർത്തിയിൽ കടന്നുകയറിയ പ്രദേശങ്ങളിൽ നിന്ന് ചൈനീസ് പട്ടാളം പിൻമാറാതെ സംഘർഷം അവസാനിക്കില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘർഷത്തിന് കാരണം ഇന്ത്യയാണെന്ന് ചൈനീസ് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം ചർച്ചകളിലൂടെ ഭിന്നതകൾ പരിഹരിക്കാൻ ഇരുവരും ധാരണയിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജയശങ്കർ-വാംഗ് യി ചർച്ചയ്‌ക്ക് പ്രാധാന്യമുണ്ട്. അതിർത്തിയിൽ സംഘർഷം ഉടലെടുത്തതിന് ശേഷം ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു. പിന്നീട് വാംഗി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും ചർച്ച നടത്തി. തുടർന്നാണ് ഒന്നാം ഘട്ട സൈനിക പിൻമാറ്റം നടന്നത്.