tha

ന്യൂഡൽഹി: റിയൽ മാംഗോ സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ ഐ.ആർ.സി.ടി.സി ആപ്പു വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത് തട്ടിപ്പ് നടത്തുന്ന വൻ സംഘത്തെ റെയിൽവേ സംരക്ഷണ സേന പിടികൂടി. അഞ്ചു ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകളാണ് ഇവർ ബുക്ക് ചെയ്‌തത്. ഈ പണം ബിറ്റ്‌കൊയിൻ വഴി അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായും കണ്ടെത്തി.

കൂടുതൽ ട്രെയിനുകൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി തട്ടിപ്പ് സംഘം പ്രവർത്തനം തുടങ്ങിയതറിഞ്ഞ് നോർത്ത് സെൻട്രൽ റെയിൽവേ, വെസ്‌റ്റേൺ റെയിൽവേ, ഈസ്‌റ്റേൺ റെയിൽവേ എന്നിവയ്‌ക്കു കീഴിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ 50 പേർ പിടിയിലായി. തട്ടിപ്പിന് ഉപയോഗിച്ച സോഫ്‌റ്റ്‌വെയർ പ്രവർത്തന രഹിതമാക്കി.

സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ പല മൊബൈൽ ആപ്പുകൾ വഴി യഥാർത്ഥ യാത്രക്കാരാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വ്യാജ വിവരങ്ങൾ ചേർത്താണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 2019 ഡിസംബർ മുതൽ 2020 മാർച്ച് വരെ അനധികൃത സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന 104 ക്രിമിനലുകളെ ആർ.പി.എഫ് പിടികൂടിയിരുന്നു.