കങ്കണ റണൗട്ടിന്റെ ഓഫീസ് ഇടിച്ചു നിരത്തി മുംബയിലെത്തിയ കങ്കണയ്ക്ക് അതീവ സുരക്ഷ
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള പരസ്യപോര് രൂക്ഷമാക്കി,നടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മണികർണിക ഫിലിംസിന്റെ ഓഫീസ് ബൃഹദ് മുംബയ് കോർപറേഷൻ (ബി.എം.സി.) ഇന്നലെ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി. കഴിഞ്ഞ ദിവസം കങ്കണയ്ക്കെതിരെ ഉദ്ധവ് സർക്കാർ ലഹരിമരുന്ന് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അനധികൃത നിർമ്മാണത്തിന്റെ പേരിൽ അപ്രതീക്ഷിത നടപടി.
ജന്മനാടായ ഹിമാചലിലെ മൊഹാലിയിൽ നിന്ന് കങ്കണ ഇന്നലെ മുംബയിലേക്ക് വിമാനത്തിൽ വരുമ്പോഴായിരുന്നു ഇടിച്ചു നിരത്തൽ. മുംബയ് വിമാനത്താവളത്തിൽ ശിവസേനയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ, കേന്ദ്രം അനുവദിച്ച വൈ പ്ലസ് കാറ്റഗറി സുരക്ഷയിൽ പതിനൊന്ന് കമാൻഡോകളുടെ വലയത്തിലായിരുന്നു കങ്കണയുടെ വരവ്. തന്റെ കെട്ടിടത്തെ രാമക്ഷേത്രത്തോടും ശിവസേന ഭരിക്കുന്ന ബി.എം.സിയെ ബാബറിനോടും ഉപമിച്ച് ട്വിറ്ററിലൂടെ ശക്തമായി തിരിച്ചടിച്ച കങ്കണ അഭിഭാഷകൻ മുഖേന സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷന്റെ ഇടിച്ചുനിരത്തൽ ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ബാന്ദ്ര പാലി ഹിൽസിലുള്ള മന്ദിരത്തിലെ ശുചിമുറി ഓഫീസ് ക്യാബിനാക്കി, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിച്ചു തുടങ്ങി ഒരു ഡസനിലധികം അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് നടിക്ക് കോർപറേഷൻ നോട്ടീസ് നൽകിയത്. ഇന്നലെ രാവിലെ അധികൃതർ കെട്ടിടം പുറത്തു നിന്നും അകത്തു നിന്നും പൊളിക്കുകയായിരുന്നു.
അനധികൃത നിർമാണമല്ലെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ സെപ്‌റ്റംബർ 30 വരെ പൊളിക്കലിന് വിലക്കുണ്ടെന്നും കാട്ടി കങ്കണ കോടതിയെ സമീപിച്ചതിനെ തുടർന്ന്, ഉടമ സ്ഥലത്തില്ലാത്തപ്പോൾ കെട്ടിടത്തിൽ അതിക്രമിച്ചു കയറി പൊളിക്കരുതെന്ന് കോടതി മുംബയ് കോർപ്പറേഷനെ വിലക്കുകയും ചെയ്തു.
സുശാന്ത് കേസ് കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് മഹാരാഷ്ട്ര സർക്കാരിനെയും മുംബയ് പൊലീസിനെയും വിമർശിച്ച കങ്കണയുടെ ട്വീറ്റ് ആണ് പോരിനു തുടക്കം. ഇന്നലെയും കങ്കണയുടെ ട്വീറ്റ് മഴയായിരുന്നു.
''ഇന്ന് ബാബർ വന്നു. രാമക്ഷേത്രം വീണ്ടും പൊളിക്കുന്നു. ചരിത്രം ആവർത്തിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ മരണമാണ്.''എന്നായിരുന്നു ഒരു ട്വീറ്റ്. ഉദ്ധവ് താക്കറെയെ പേരെടുത്തു പറഞ്ഞ്, 'നീ' എന്ന് അനാദരവോടെ വിളിച്ച് നിശിതമായി വിമർശിക്കുന്ന വീഡിയോയും കങ്കണ പുറത്തുവിട്ടു.
കനത്ത സുരക്ഷയിൽ മുംബയിൽ
പാക് അധിനിവേശ കാശ്‌മീരുമായി മുംബയെ ഉപമിച്ച വിവാദത്തിൽ മഹാരാഷ്ട്രയിലെത്തിയാൽ കാൽ തല്ലിയൊടിക്കുമെന്ന് ശിവസേനാ നേതാക്കൾ കങ്കണയെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ തീർച്ചയായും വരുമെന്ന് തിരിച്ചടിച്ച കങ്കണ വൈ പ്ലസ് സുരക്ഷയിലാണ് സഹോദരിക്കൊപ്പം നഗരത്തിലെത്തിയത്. നടിയുടെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.
കങ്കണയുടെ സ്വപ്നസൗധം
ബാന്ദ്രയ്ക്കു സമീപം ബോളിവുഡ് താരങ്ങളുടെയും വ്യവസായ പ്രമുഖരുടെയും ഇഷ്ട താമസകേന്ദ്രമാണ് പാലി ഹിൽസ്
സഞ്ജയ് ദത്തിനും പ്രിയാ ദത്തിനും ഇവിടെ ബംഗ്ലാവുകളുണ്ട്. നടൻ ആമിർ ഖാന്റെ ബെല്ലാവിസ്റ്റ ഫ്ളാറ്റ് ഇവിടെ. രൺബീർ കപൂർ, സംവിധായകൻ കുനാൽ കപൂർ എന്നിവരും ഇവിടെ ഫ്ളാറ്റ് ഉടമകൾ
മൂന്നു നിലകളിലായി പാർക്കിംഗ് ഏരിയയോടു കൂടിയാണ് കങ്കണയുടെ ഓഫീസ് മന്ദിരം. വാങ്ങിയതിനു ശേഷം കോടികൾ മുടക്കി ഇന്റീരിയർ ഡിസൈനർ ശബ്നം ഗുപ്തയുടെ മേൽനോട്ടത്തിൽ നവീകരണം
കൈകൾ കൊണ്ട് നൂറ്റെടുത്ത രാജകീയപ്രൗഢിയുള്ള പട്ടുവിരികളും പുരാതന അലങ്കാരവസ്തുക്കളും കൊണ്ട് സമ്പന്നം.
2019 ൽ കങ്കണ അഭിനയിച്ച മണികർണിക- ദ ക്വീൻ ഒഫ് ത്ധാൻസി എന്ന സിനിമയുടെ ഓർമ്മയ്ക്കായാണ് ചലച്ചിത്ര നിർമ്മാണ കമ്പനിക്ക് ഈ പേരിട്ടത്
...........................
"ഞാൻ ഒരിക്കലും കങ്കണയെ ഭീഷണിപ്പെടുത്തിയിട്ടില്ല. മുംബയ് നഗരത്തെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചതിലുള്ള അമർഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കെട്ടിടം പൊളിച്ച നടപടിയിൽ പങ്കില്ല. മുംബയിൽ താമസിക്കാൻ കങ്കണയ്ക്ക് സ്വാഗതം"
സഞ്ജയ് റൗത്ത്,, ശിവസേനാ നേതാവ്
"മണികർണിക എനിക്ക് വെറും ഓഫീസ് കെട്ടിടമല്ല, രാമക്ഷേത്രം തന്നെയാണ്. മണികർണികയുടെ ആദ്യചിത്രത്തിന് അയോദ്ധ്യ എന്നു പേരിട്ടത് ഈ മന്ദിരത്തിൽ വച്ചാണ്. ഈ ക്ഷേത്രം ഞാൻ പുനർനിർമ്മിക്കുമെന്ന് ബാബർ, നീ ഓർമ്മിച്ചോളൂ. ജയ് ശ്രീറാം, ജയ് ശ്രീറാം, ജയ് ശ്രീറാം"
കങ്കണ റണൗത്ത്
(ഇന്നലെ മുംബയിൽ എത്തിയ ശേഷം)