online-classes

ന്യൂഡൽഹി: ഓൺലൈൻ ക്ളാസുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, സംശയ നിവാരണത്തിനും സ്കൂളിലെത്തി അദ്ധ്യാപകരെ കാണാൻ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് അവസരമൊരുക്കുക മാത്രമാണ് സെപ്‌തംബർ 21ന് ശേഷം ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പകുതി അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും സ്‌കൂളിലെത്തണം. എന്നാൽ ക്ളാസുകൾ ഓൺലൈനായി തുടരും. ഗവേഷണ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 21ന് ശേഷം ലാബുകളും മറ്റും ഉപയോഗിക്കാൻ അനുമതിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൺലോക്ക് -4ന്റെ ഭാഗമായി കഴിഞ്ഞ മാസം പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് 21ന് ശേഷം 9 മുതൽ 12വരെ ക്ളാസുകളിലെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ അനുമതി. രക്ഷിതാക്കളുടെ അനുമതി പത്രത്തോടൊപ്പമാണ് സ്‌കൂളിലെത്തേണ്ടത്.

മാർഗ നിർദ്ദേശങ്ങൾ

 കണ്ടെയ്ൻമെന്റ് സോണിലെ സ്‌കൂളുകൾ തുറക്കരുത്

 ഓൺലൈൻ ക്ളാസുകൾക്ക് തടസമുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന

 വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണം. സ്‌കൂളിൽ ആറടി അകലം പാലിക്കണം. കൂട്ടം കൂടുന്ന തരത്തിൽ അസംബ്ളി, വിനോദ പരിപാടികൾ പാടില്ല.

 നീന്തൽക്കുളം തുറക്കരുത്. ജിംനേഷ്യത്തിൽ തിരക്കു പാടില്ല.

 പാത്രങ്ങൾ, ഗ്ളാസ് തുടങ്ങിയവ പങ്കുവയ്‌ക്കരുത്.

 അദ്ധ്യാപകർക്കും ജീവനക്കാർക്കും രജിസ്‌റ്ററിൽ ഹാജർ രേഖപ്പെടുത്താം.

 കണ്ടെയ്‌ൻമെന്റ് സോണുകളിലെ അദ്ധ്യാപകരും ജീവനക്കാരും വരേണ്ടതില്ല.

 സ്‌കൂൾ പരിസരം ഇടയ്‌ക്കിടെ അണുവിമുക്തമാക്കണം.