ന്യൂഡൽഹി: പാംഗോംഗ് തടാകത്തിന് തെക്ക് ചൈന നടത്തിയ കടന്നുകയറ്റ ശ്രമങ്ങളെ തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായതിനിടെ റഷ്യയിൽ ഷാംഗായ് മന്ത്രിമാരുടെ സമ്മേളനത്തിനായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അതിനിടെ സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കോർ കമാൻഡർ തലത്തിൽ വീണ്ടും ധാരണയായി.
ജയശങ്കറും വാംഗ്യിയും തമ്മിൽ കുറച്ചു നാൾ മുൻപ് ഫോണിലൂടെ സംസാരിച്ചിരുന്നെങ്കിലും പാംഗോംഗ് തടാകക്കരത്തിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ഇരുവരും തമ്മിൽ കാണുന്നതിന് പ്രാധാന്യമുണ്ട്. വടക്കൻ ലഡാക് അതിർത്തിയിൽ ഏപ്രിലിലെ തൽസ്ഥിതി നിലനിറുത്തുകയെന്ന വാദം ഇന്ത്യ ആവർത്തിക്കും. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിൽ തങ്ങളുടെ സൈന്യത്തെ ന്യായീരിക്കുന്ന നിലപാടായിരിക്കും ചൈനീസ് മന്ത്രി സ്വീകരിക്കുക. പ്രകോപനം ഒഴിവാക്കാനുള്ള നടപടികൾ അടിയന്തരമായി നടപ്പാക്കാൻ ഇരുവരും ധാരണയിലെത്തുമെന്ന് സൂചനയുണ്ട്.
ജയശങ്കറും വാംഗ് യിയും തമ്മിൽ ഇന്നലെ ഒരുമിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സംഘടിപ്പിച്ച ഉച്ചഭക്ഷണ യോഗത്തിൽ പങ്കെടുത്തെങ്കിലും ചർച്ചകളൊന്നും നടന്നില്ല.
ഇന്നലെ നടന്ന ബ്രിഗേഡിയർ കമാൻഡർ തല ചർച്ചയിലാണ് കോർപ്സ് കമാൻഡർ തലത്തിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനമായത്. സമയവും അജണ്ടയും തീരുമാനിച്ചിട്ടില്ലെന്ന് കരസേന അറിയിച്ചു. അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം അഞ്ചു തവണ ഇരു രാജ്യങ്ങളുടെയും കോർപ്സ് കമാൻഡർമാർ ചർച്ച നടത്തിക്കഴിഞ്ഞു.
ജാഗ്രതയോടെ ഇന്ത്യൻ സേന
പാംഗോംഗ് തടാകത്തിന് തെക്ക് ചുഷുൽ മലനിരകളിൽ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതിനാൽ ചൈനീസ് പട്ടാളം വീണ്ടും ശ്രമം നടത്തുമെന്ന നിഗമനത്തിൽ, കരസേയും ഇന്തോ ടിബറ്റൻ ബോർഡർ സേനയും എസ്.എസ്.എഫും അതീവ ജാഗ്രതയിൽ. ആഗസ്റ്റ് 29, 30 തിയതികളിൽ ആദ്യം നടന്ന കടന്നുകയറ്റ ശ്രമവും കഴിഞ്ഞ ദിവസം ഇന്ത്യൻ പോസ്റ്റ് പിടിച്ചെടുക്കാനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു.
നിയന്ത്രണ രേഖയ്ക്കപ്പുറം തങ്ങളുടെ മേഖലയിൽ ചൈന 7000ത്തോളം സൈനികരെ വിന്ന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് സൈനികരുടെ ടെന്റുകളും സൈനിക വാഹനങ്ങളും മറ്റു സന്നാഹങ്ങളും അടങ്ങിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.