ന്യൂഡൽഹി :അവിഹിതത്തിന്റെ 'പാപക്കറ കഴുകിക്കളയാൻ' സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണമെന്ന് നിർദ്ദേശിച്ച് രാജസ്ഥാനിലെ സികാർ ജില്ലയിലുള്ള ഖാപ് പഞ്ചായത്ത് (നാട്ടുകൂട്ടം). അമ്മായിയും അനന്തരവനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നാട്ടുകൂട്ടം അപരിഷ്കൃതമായ ശിക്ഷ വിധിച്ചത്.
ശിക്കാർ സോള ഗ്രാമത്തിലെ സാൻസി സമുദായത്തിൽപ്പെട്ട സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വകാര്യ വീഡിയോ ലീക്കായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ നാട്ടുകാർ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം ആദ്യ പടിയെന്ന നിലയിൽ ഇരുവർക്കും ഊരുവിലക്ക് ഏർപ്പെടുത്തി. ശേഷം പുരുഷൻ 31,000 രൂപയും സ്ത്രീ 22,000 രൂപയും കെട്ടിവച്ചാൽ മാത്രമെ സമൂഹവുമായി ഇടപെടാൻ അനുവദിക്കൂവെന്നും വിധിച്ചു. ഒപ്പം പാപക്കറ കഴുകികളയുന്നതിന്റെ ഭാഗമായി നാട്ടുകാർക്ക് മുന്നിൽ നിന്ന് ഇരുവരും കുളിക്കണമെന്നും ഉത്തരവിട്ടു.
ആഗസ്റ്റ് 21നാണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പാക്കുന്നത് കാണാൻ നൂറുകണക്കിനുപേരാണ് എത്തിയത്. ഇരുവരും കുളിക്കുന്നതിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും നിരവധിപ്പേർ പകർത്തി. 'പൊതുകുളി ' വൈറലായതോടെ സാൻസി സമാജ് അംഗങ്ങൾ ഖാപ് പഞ്ചായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും ഖാപ് പഞ്ചായത്ത് ഈടാക്കിയ തുക തിരികെ നൽകാൻ നിർദ്ദേശിക്കണമെന്നും സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേർന്നവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും സംഭവത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ശേഖരിക്കാൻ ശ്രമിക്കുകയാണെന്നും സികാർ എസ്.പി ഹംഗൻദീപ് സിംഗ്ല പറഞ്ഞു.