uapa

ന്യൂഡൽഹി: കോയമ്പത്തൂർ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കുറ്റങ്ങൾ വിചാരണക്കോടതികൾ റദ്ദാക്കുന്നത് തടയണമെന്ന ആവശ്യവുമായി കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

രൂപേഷിനെതിരായ വളയം, കുറ്റിയാടി പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ രാജ്യദ്രോഹ കുറ്റവും യു.എ.പി.എ. വകുപ്പും 2019 സെപ്റ്റംബറിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകുന്നതുവരെ വിചാരണ കോടതികൾ വിടുതൽ ഹർജി പരിഗണിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്.

രൂപേഷിന്റെ ഹർജിയിൽ കെ.എഫ്.സി. റസ്റ്റോറന്റ് ആക്രമണം അടക്കം രണ്ട് കേസുകളിലെ യു.എ.പി.എ കുറ്റം പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. രൂപേഷും ഭാര്യ ഷൈനയും അടക്കം ഒൻപത് പേരായിരുന്നു പ്രതികൾ.

2015 ലാണ് ഭാര്യ ഷൈനയും രൂപേഷും അടക്കമുള്ള മാവോയിസ്റ്റ് പ്രവർത്തകരെ കോയമ്പത്തൂർ ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷൈന നേരത്തേ ജയിൽ മോചിതയായി.