ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും മുങ്ങിയ വ്യവസായി നീരവ് മോദിയെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നൽകിയ അപ്പീലിനെതിരെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ടേയ കട്ജു . ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കട്ജു ഹാജരാകുക. ഇതിന് മുന്നോടിയായി കട്ജു തന്റെ നിലപാട് കോടതിക്ക് എഴുതി നൽകി.
ഇന്ത്യയിൽ എത്തിയാൽ നീരവിന് നീതി കിട്ടില്ല. നീരവിനെതിരെ ഇന്ത്യയിൽ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. വിദ്വേഷം നിലനിൽക്കുന്ന ഈ അവസ്ഥയിൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഇന്ത്യയിൽ ഈ കേസിൽ നടക്കാനിടയില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് തന്നെ നീരവ് ക്രിമിനലും കുറ്റക്കാരനുമാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. നിയമമന്ത്രി കുറ്റക്കാരനാണെന്ന് പറഞ്ഞ വ്യക്തിക്ക് എങ്ങനെ കോടതിയിൽ നിന്ന് നീതി പൂർണമായ വിചാരണ ലഭിക്കും?.മോദി സർക്കാരിന് പാദസേവ ചെയ്യുകയാണ് ഇന്ത്യൻ ജുഡിഷ്യറി.
1976 ലെ എ.ഡി.എം. ജബൽപൂർ വിധിക്ക് ശേഷം ഏറ്റവും നാണംകെട്ട വിധിയാണ് അയോദ്ധ്യ കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. അക്കാര്യം ലണ്ടൻ കോടതിയെ അറിയിക്കും. നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിക്കുകയോ, കേസിന്റെ മെറിറ്റിനെ കുറിച്ച് വാദിക്കുകയോ ചെയ്യില്ല. ഇന്ത്യയിലേക്ക് നീരവിനെ അയക്കുന്നതിനെ മാത്രമേ എതിർക്കൂ എന്നും കട്ജു പറഞ്ഞു.