kangana

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചെന്നാരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കേസെടുത്തു.

കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ബോളിവുഡ് മാഫിയയുമായി ഉദ്ധവ് താക്കറെയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ' നീ' എന്ന് അഭിസംബോധന ചെയ്തുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ നിതിൻ മാനേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഖ്‌രോലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് കാട്ടി കങ്കണയ്ക്കെതിരെ മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ തന്റെ ബംഗ്ളാവ് ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തെത്തിയത്. കങ്കണയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കൽ നടപടികൾക്ക് ബോംബെ ഹൈക്കോടതി സ്‌റ്റേ വിധിച്ചിരുന്നു. ഇന്നലെ കേസ് തുടർ വാദത്തിനായി 22 ലേക്ക് മാറ്റി.


 വിശദീകരണം തേടി ഗവർണർ

കങ്കണയുടെ ഓഫീസ് പൊളിച്ചു നീക്കിയ നടപടിയിൽ സർക്കാരിനോട് വിശദീകരണം തേടി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി. സംഭവത്തിൽ ഗവർണർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും.

 കങ്കണയ്ക്കെതിരെ നടൻ പ്രകാശ് രാജ്

കൊവിഡ് വരുത്തിവച്ച ദുരിതങ്ങളിൽ സാധാരണക്കാർ നിരത്തിൽ യാതനകൾ അനുഭവിക്കുമ്പോൾ സിനിമാതാരത്തിന് വൈ പ്ലസ് സുരക്ഷയൊരുക്കിയ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കങ്കണ സഞ്ചരിക്കുന്ന ഫോട്ടോയ്ക്കൊപ്പം പാതയോരങ്ങളിൽ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്ന സാധാരണക്കാരുടെ ചിത്രം പങ്കുവച്ച് 'അതെ, ഇതാണ് പുതിയ ഇന്ത്യ' എന്ന് പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.