covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന. രോഗികൾ ഒരു ലക്ഷത്തിലേക്ക് (95,737) അടുത്തതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ലക്ഷം (44,65,864) പിന്നിട്ടു. ഇന്നലെ 1172 മരണം. ആകെ കൊവിഡ് മരണം 75,000 കടന്നു. ആഗോളപട്ടികയിൽ രോഗികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. പ്രതിദിന രോഗനിരക്കിലാകട്ടെ ഒന്നാം സ്ഥാനവും. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാമത്.

രോഗമുക്തി നേടിയവർക്ക് വീണ്ടും രോഗം

ചെന്നൈയിലടക്കം കൊവിഡ് ഭേദമായി ആശുപത്രി വിട്ട പത്തിലധികം പേർക്ക് ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗം റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ നാല് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കൊവിഡ് നെഗറ്റീവായി വീട്ടിലെത്തിയ 10 പേരിലാണ് ആഴ്ചകൾക്ക് ശേഷം വീണ്ടും രോഗബാധ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വിശദമായ ജനിതക പഠനം വേണ്ടിവരുമെന്ന് പകർച്ചവ്യാധി വിദഗ്ദ്ധർ പറയുന്നു. യു.എസിലും ഹോങ്കോംഗിലും നേരത്തെ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നുവെന്നും ഒരിക്കൽ രോഗം ഭേദമായി വീണ്ടും റിപ്പോർട്ട് ചെയ്യുന്നവരിൽ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ജനിതക ഘടന വ്യത്യസ്തമാണെങ്കിൽ അവ രോഗമുക്തി നേടിയതിന് ശേഷം വീണ്ടും പകർന്നതാവാം. ഒരേ ഘടനയാണെങ്കിൽ മാറിയ രോഗം വീണ്ടും വന്നതാകാമെന്നും ഓമന്തുരാർ മെഡിക്കൽ കോളേജിലെ ഡീൻ ഡോ. ആർ. ജയന്തി പറയുന്നു.

മുംബയ് മേയർ കിഷോരി പെട്നേക്കറിന് കൊവിഡ്.

ബി.ജെ.പി ഉത്തരാഖണ്ഡ് എം.എൽ.എ കുൺവാർ സിംഗിന് കൊവിഡ്.
 ഒഡിഷയിൽ 3,991 രോഗികൾ കൂടി.

2,534 പേ‌ർക്ക് കൂടി തെലങ്കാനയിൽ രോഗം.

കൊവിഡ് സ്ഥിരീകരിച്ച രണ്ട് തടവുപുള്ളികൾ പൂനെ യേർവാഡ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയി

തമിഴ്നാട്ടിൽ 5,528 പുതിയ രോഗികൾ.

ബി.ജെ.പി ഗുജറാത്ത് അദ്ധ്യക്ഷൻ സി.ആർ.പാട്ടിലിന് രോഗം.