covid-vaccine

ന്യൂഡൽഹി:ബ്രിട്ടനിലെ ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിറുത്തിവച്ചു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) മുന്നറിയിപ്പിനെ തുടർന്നാണിത്.

ലണ്ടനിൽ ഓക്സ്‌ഫോർഡ് വാക്‌സിൻ പരീക്ഷിച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടതോടെ വാക്സിൻ വികസനത്തിൽ പങ്കാളിയായ ഔഷധ കമ്പനി ആസ്ട്ര സെനെക ലോകവ്യാപകമായി ക്ലിനിക്കൽ പരീക്ഷണം കഴിഞ്ഞ ദിവസം നിറുത്തി വച്ചിരുന്നു. എന്നിട്ടും ഇന്ത്യയിൽ ഇതേ വാക്സിന്റെ പരീക്ഷണം നിറുത്താത്തതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ നോട്ടീസ് അയച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതുവരെ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ എന്തുകൊണ്ട് നിറുത്തിവയ്ക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട നോട്ടീസിൽ സുരക്ഷ ഉറപ്പാക്കാതെ പരീക്ഷണം തുടർന്നാൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി റദ്ദാക്കുമെന്ന് ഡി.ജി.സി.ഐ. ഡോ. വി.ജി. സോമാനി മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തിയതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഡി.സി.ജി.ഐയുടെ അനുമതിയോടെ മാത്രമേ പരീക്ഷണം തുടരാനാകൂവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.

ഓക്‌സ്‌ഫോർഡ് വാക്സിൻ 'കൊവിഷീൽഡ്' എന്ന പേരിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമ്മിക്കാനിരുന്നത്. ആഗസ്റ്റ് 26 മുതൽ ഇന്ത്യയിലെ 17നഗരങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയിരുന്നു.