h

ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കായി യു.എ.ഇ സർക്കാരിന്റെ ഭാഗമായ റെഡ് ക്രസന്റുമായി കരാറുണ്ടാക്കിയത് മുൻകൂർ അനുമതി തേടാതെയാണെന്നും ഗുരുതര വീഴ്‌ചയാണതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. കോൺസുലേറ്റുമായുള്ള സഹകരണം ചട്ട വിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ വ്യക്തമാക്കി. യു.എ.ഇ കോൺസുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതാണ്. യു.എ.ഇയിലെ റെഡ്‌ക്രസന്റുമായി കരാറുണ്ടാക്കാൻ മുൻകൂർ അനുമതി ആവശ്യമായിരുന്നു. കേരളം അതു തേടിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുന്നത് അടക്കമുള്ള നടപടികൾക്ക് തുടക്കമായെന്നും വക്താവ് അറിയിച്ചു.