ന്യൂഡൽഹി: അതിർത്തിയിൽ സമാധാനം നിലനിറുത്താൻ നടപടികൾ കൈക്കൊള്ളാനും അതിനായി നയതന്ത്ര-സൈനിക തലത്തിൽ ചർച്ചകൾ തുടരാനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും റഷ്യയിൽ നടത്തിയ ചർച്ചയിൽ ധാരണയായെന്ന് സൂചന. പാംഗോഗ് തടാകക്കരയിലെ പുതിയ പ്രകോപനങ്ങൾ ഉഭയകക്ഷി ബന്ധം വഷളാക്കുന്ന തലത്തിലേക്ക് പോകുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാൽ അതിർത്തിയിൽ പ്രകോപനം നടത്തുന്നത് ഇന്ത്യയാണെന്ന വാദം ചൈനീസ് പക്ഷം ആവർത്തിച്ചു.
മോസ്‌കോയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്നലെ ചർച്ച നടത്തിയത്. അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുവരും മുമ്പ് ഫോണിലൂടെ സംസാരിച്ചിരുന്നു.