ന്യൂഡൽഹി:ഇന്ത്യയും ചൈനയും തമ്മിൽ സമാധാനപരമായ സഹവർത്തിത്വത്തിന് ഏഴ് പതിറ്റാണ്ടോളം മുമ്പ് ഒപ്പിട്ട പഞ്ചശീല തത്വങ്ങളെ അനുസ്‌മരിപ്പിക്കും വിധം, യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യങ്ങളെ ഉടൻ പിൻവലിക്കുന്നതുൾപ്പെടെ പുതിയ അഞ്ചിന പരിപാടി നടപ്പാക്കാൻ ധാരണയായി.
മോസ്കോയിൽ വിദേശകാര്യ മന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും വ്യാഴാഴ്‌ച രാത്രി നടത്തിയ രണ്ടര മണിക്കൂർ ചർച്ചയിലാണ് ധാരണ.
അഖണ്ഡതയും പരമാധികാരവും പരസ്‌പരം മാനിക്കണമെന്നും ആക്രമിക്കരുതെന്നും വ്യവസ്ഥകളുള്ള, ഇന്നും പ്രസക്തമായ പഞ്ചശീലതത്വങ്ങൾ ലംഘിച്ചാണ് എൽ.എ.സിയിലും ചൈന കടന്നുകയറിയും ആക്രമിച്ചതും. ആ സംഘർഷം പരിഹരിക്കാനുള്ള പുതിയ 'പഞ്ചശീലം' ചൈന പാലിക്കുമോ എന്ന സംശയം ഉയർന്നു കഴിഞ്ഞു. ചർച്ചയിലും പുറത്തും ജയശങ്കർ പറഞ്ഞതിന് വിരുദ്ധമായ ചൈനയുടെ പ്രസ്താവനയാണ് സംശയത്തിനാധാരം.
സംഘർഷം ഇരുകൂട്ടർക്കും ഹാനികരമാണെന്നും വെടിവയ്പ്പ് അടക്കമുള്ള പ്രകോപനങ്ങൾ ഒഴിവാക്കിയും സൈന്യങ്ങളെ മുൻ സ്ഥാനങ്ങളിലേക്ക് പിൻവലിച്ചും സംഘർഷം ഒഴിവാക്കുമെന്നും ചർച്ചയ്‌ക്ക് ശേഷം സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. സൈനിക കമാൻഡർമാർ വരും ദിവസങ്ങളിൽ സേനാപിന്മാറ്റത്തിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കും. അത് ഇരു വിദേശ മന്ത്രിമാരും പരിശോധിച്ചായിരിക്കും തുടർ നീക്കങ്ങൾ.
അഞ്ച് ധാരണകൾ
1. ഭിന്നതകൾ തർക്കങ്ങളാവാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും തമ്മിലുണ്ടാക്കിയ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കും.
2. ഇരുപക്ഷവും പെട്ടെന്ന് സൈന്യങ്ങളെ പിൻവലിക്കണം. സംഘർഷം ഒഴിവാക്കാൻ സൈന്യങ്ങൾ തമ്മിൽ അകലം പാലിക്കണം. സൈനിക ചർച്ചകൾ തുടരണം
3.അതിർത്തിയിലെ പ്രോട്ടോക്കോൾ മാനിക്കും. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കും.
4.പ്രത്യേക പ്രതിനിധികളായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വാങ് യിയും തമ്മിലുള്ള ചർച്ച തുടരും. അതിർത്തി കാര്യങ്ങൾക്കുള്ള ഉപദേശക സമിതി യോഗങ്ങളും തുടരണം.
5.പരസ്‌പര വിശ്വാസം വർദ്ധിപ്പിക്കാനുള്ള പുതിയ നടപടികൾക്ക് രൂപം നൽകും.
സ്ഥിതി ഗുരുതരം:ജയശങ്കർ
അതിർത്തിയിൽ ചൈനയുടെ വൻ സൈനിക സന്നാഹം ഗുരുതരവും അപകടകരവുമായ സ്ഥിതി സൃഷ്‌ടിച്ചതായി വാങ് യിയെ അറിയിച്ച ജയശങ്കർ,ഇന്ത്യയുടെ ആശങ്കയും പ്രകടമാക്കി.1983,1996 വർഷങ്ങളിലെ ഉടമ്പടികളുടെ ലംഘനമാണിത്. ചൈനീസ് പ്രകോപനം ബന്ധങ്ങളെ ഉലയ്‌ക്കുന്നു. സൈന്യത്തെ അടിയന്തരമായി മുൻസ്ഥാനങ്ങളിലേക്ക് പിൻവലിക്കുക മാത്രമാണ് പരിഹാരം.
ചൈനയുടെ ഇരട്ടമുഖം
ചൈനയുമായുള്ള ബന്ധത്തെ അതിർത്തിയിലെ സ്ഥിതിയിൽ നിന്ന് വേറിട്ട് കാണാനാവില്ലെന്നാണ് ചർച്ചയിൽ ജയശങ്കർ പറഞ്ഞത്. എന്നാൽ അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനെ ആശ്രയിച്ചല്ല ഉഭയകക്ഷി ബന്ധമെന്നാണ് ഇന്ത്യ കരുതുന്നത് എന്നാണ് ചൈനീസ് വിദേശമന്ത്രാലയത്തിന്റെ അറിയിപ്പ്. ഇന്ത്യയോടുള്ള ചൈനയുടെ നയം മാറിയതായി ഇന്ത്യ കരുതുന്നില്ലെന്നും ചൈന പറഞ്ഞു. അതിർത്തിയിലെ പ്രകോപനത്തിനും സൈനിക വിന്യാസത്തിനും ചൈന വിശ്വസനീയമായ വിശദീകരണം നൽകിയിട്ടില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. നിയന്ത്രണ രേഖയിലെ സൈനിക സന്നാഹങ്ങൾ ഉടൻ പിൻവലിക്കാൻ ധാരണയായെന്നും സൈനിക, നയതന്ത്ര ചർച്ചകൾ തുടരുമെന്നും ചൈന പറഞ്ഞു.
1954ലെ പഞ്ചശീല തത്വങ്ങൾ
പഞ്ചശീല തത്വങ്ങൾ
1. ഇരു രാജ്യങ്ങളുടെയും അഖണ്ഡതയും പരമാധികാരവും പരസ്പരം മാനിക്കുക
2.പരസ്പരം ആക്രമിക്കരുത്
3. പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്
4.തുല്യതയും പരസ്പര സഹായവും
5. സമാധാനപരമായ സഹവർത്തിത്വം