parliament

ന്യൂഡൽഹി: തിങ്കളാഴ്‌ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ എം.പിമാർക്ക് അടക്കം കൊവിഡ് പരിശോധനയും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും സജ്ജമാക്കി. എല്ലാ എം.പിമാരും നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്ക് വിധേയരാകണം. രാജ്യസഭാ അദ്ധ്യക്ഷൻ എം.വെങ്കയ്യ നായിഡു കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു.

സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പ് എം.പിമാർ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ആശുപത്രികളിലോ ലാബുകളിലോ പാർലമെന്റിൽ തയ്യാറാക്കിയ പരിശോധനാ കേന്ദ്രത്തിലോ പരിശോധന നടത്തണം. പരിശോധനാ ഫലം ലോക്‌സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകളെ മുൻകൂട്ടി അറിയിക്കണം.

എം.പിമാർക്ക് നൽകാൻ ഡി.ആർ.ഡി.ഒ മൂന്ന് നിരയുള്ള മാസ്‌കുകൾ, എൻ 95 മാസ്‌കുകൾ, 20 കുപ്പി സാനിറ്റൈസർ, 5 ഫെയ്‌സ് ഷീൽഡുകൾ, 40 ഗ്ലൗസുകൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സീ ബക്ക് തോൺ ടീ ബാഗുകൾ, ഹെർബൽ സാനിറ്റേഷൻ വൈപ്പുകൾ എന്നിവ അടങ്ങുന്ന പ്രത്യേക കൊവിഡ് കിറ്റ് തയ്യാറാക്കിയിട്ടുണ്ട്.
അംഗങ്ങളുമായി അടുത്ത് ഇടപഴകുന്ന ജീവനക്കാർക്കും ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാനായി രാജ്യസഭാ അംഗങ്ങളെ രാജ്യസഭാ ചേംബറിന് പുറമെ ഗാലറികളും ലോക്‌സഭാ ചേംബറിലും ഇരുത്തുമെന്ന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചു. ചേംബറിൽ സ്ഥാപിച്ച നാല് വലിയ സ്‌ക്രീനുകളിൽ അംഗങ്ങൾ സംസാരിക്കുന്നത് തത്സമയം കാണിക്കും. രാജ്യസഭ ടിവിയിൽ നടപടികളുടെ തത്സമയം സംപ്രേഷണവുമുണ്ടാകും. നാല് ഗാലറികളിലും, ആറ് ചെറിയ പ്രദർശന സ്‌ക്രീനുകളും ഓഡിയോ കൺസോളുകളും സ്ഥാപിച്ചിട്ടുണ്ട്.കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പാർലമെന്റ് രേഖകളും പ്രമേയങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമാകും അംഗങ്ങൾക്ക് ലഭ്യമാക്കുക.