ന്യൂഡൽഹി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ നാലാംപ്രതിയായ കൗലത്ത് അൻവറിന് ഹൈക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സി.പി.എം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവറിന്റെ ഭാര്യയാണ് കൗലത്ത് അൻവർ. അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് കൗലത്ത്. അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ചാണ് കേസിലെ മൂന്നാംപ്രതിയായ എം.എം. അൻവർ പണം തട്ടിയതെന്നാണ് ആരോപണം.
ഡയറക്ടർ ബോർഡ് അംഗം കൗലത്താണ് ജീവനക്കാരെ സ്വാധീനിച്ച് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചതെന്ന് സർക്കാർ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ അൻവറിന്റെയും കൗലത്ത് അൻവറിന്റെതും സംയുക്ത അക്കൗണ്ടാണെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ വിധിയിൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം സുപ്രീംകോടതിയും ആവർത്തിച്ചു. നിലവിൽ പ്രളയഫണ്ട് തട്ടിപ്പുകേസിലെ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.