bipin-rawat

ന്യൂഡൽഹി: ഇന്നലെ ചേർന്ന പ്രതിരോധത്തിനായുള്ള പാർലമെന്ററി സമിതിക്ക് മുന്നിൽ ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഹാജരായി. അതിർത്തിയിലെ സൈനികരുടെ റേഷൻ വിഷയമായിരുന്നു അജണ്ടയെങ്കിലും ചില അംഗങ്ങൾ ലഡാക് വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് ജനറൽ റാവത്ത് ഹാജരായത്.

എൻ.സി.പി നേതാവ് ശരത് പവാറിന്റെ ആവശ്യപ്രകാരം ഇന്ത്യാ-ചൈനാ അതിർത്തിയിലെ സംഭവ വികാസങ്ങളെക്കുറിച്ച് ജനറൽ റാവത്ത് വിശദീകരിച്ചു.

പ്രതിരോധ കമ്മിറ്റിയിൽ ആദ്യമായി ഹാജരായ രാഹുൽ ഗാന്ധി അതിർത്തിയിൽ ജവാൻമാർക്കും ഓഫീസർമാർക്കും രണ്ടു തരം റേഷൻ നൽകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് ജുവൽ ഓറമാണ് കമ്മിറ്റി അദ്ധ്യക്ഷൻ.

 പാർലമെന്റിൽ ഹ്രസ്വ ചർച്ച

ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തി സംഘർഷം സംബന്ധിച്ച് 14ന് തുടങ്ങുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഹ്രസ്വ ചർച്ച നടത്തും. പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകും. തുടർന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മറുപടി നൽകും.