ന്യൂഡൽഹി: കുട്ടികൾ ഇല്ലാത്ത സ്ത്രീകൾക്ക് ഗർഭിണിയാകാൻ ഉടുമ്പിന്റെ ജനനേന്ദ്രിയം വച്ച് പ്രാർത്ഥിക്കുന്നത് ഉത്തമമാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കർണാടകയിൽ സ്ത്രീകളിൽ നിന്ന് പണം തട്ടിയ ആൾദൈവത്തെയും മൂന്ന് കൂട്ടാളികളെയും പിടികൂടി. ക്ഷേത്രത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവമായി സ്ത്രീകളെ കബളിപ്പിച്ച സന്ന എരപ്പ ജമന്ന (46), കൂട്ടാളികളായ ബസപ്പ സിന്തഗിരി (33), എരപ്പ ബന്ധപ്പ ജിരാലി (61), എരപ്പ ജിരാലി (29) എന്നിവരാണ് ബാഗൽകോട്ട് ജില്ലയിൽ നിന്ന് കർണാടക വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കുടുക്കിയത്. ഇവരിൽ നിന്ന് ഉടുമ്പിന്റെ 79 ജനനേന്ദ്രിയങ്ങൾ പിടികൂടി. പവിഴപ്പുറ്റുകളുടെ വർഗത്തിൽപ്പെട്ട 503 സീ ഫാൻസ് എന്ന കടൽ ജീവികളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ലക്ഷം രൂപയോളമാണ് ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് ഇയാൾ വാങ്ങിയിരുന്നതെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു. ആന്ധ്രാപ്രദേശിലെ ശ്രീശൈലത്ത് നിന്നാണ് ഈരപ്പയ്ക്ക് ഉടുമ്പുകൾ എത്തിച്ചിരുന്നത്. വീടിന് മുൻവശം കടൽ ജീവിയായ സീ ഫാൻസിനെ കെട്ടിയിട്ടാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞ് ഭക്തരിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
ഉടുമ്പിന്റെ ജനനേന്ദ്രിയം നൽകുന്നതിന് മുൻപ് പ്രത്യേക പൂജകളും ഇയാൾ നടത്തിയിരുന്നു. വീട്ടിൽ വച്ച് പൂജിക്കാൻ പറഞ്ഞ് കൊണ്ടാണ് സ്ത്രീകൾക്ക് ജനനേന്ദ്രിയം നൽകിയിരുന്നതെന്നും ഫോറസ്റ്റ് അധികൃതർ പറയുന്നു.