ന്യൂഡൽഹി: രണ്ടു ദിവസം മുമ്പ് ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി വിട്ട മുൻ കേന്ദ്ര മന്ത്രി രഘുവൻശ് പ്രസാദ് സിംഗ്( 74 )കൊവിഡ് ബാധിച്ച് ഡൽഹിയിൽ അന്തരിച്ചു.
ജൂണിൽ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പാട്‌ന എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രണ്ടാഴ്ച മുൻപാണ് ഡൽഹി എയിംസിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിയത്. യു.പി.എ. ഭരണകാലത്ത് നടപ്പിൽ വന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവെന്നാണ് രഘുവൻശ് പ്രസാദിനെ വിശേഷിപ്പിക്കാറുള്ളത്.
ബീഹാറിലെ വൈശാലി സ്വദേശിയും അദ്ധ്യാപകനുമായ രഘുവൻഷ് പ്രസാദ് 1997 മുതൽ ആർ.ജെ.ഡിയിൽ ലാലു പ്രസാദിന്റെ വിശ്വസ്തനാണ്. ജനതാദളിലും ലാലുവിനൊപ്പം പ്രവർത്തിച്ചിരുന്നു. ഒന്നാം യു.പി.എ ഭരണകാലത്ത് കേന്ദ്ര ഗ്രാമീണവികസന മന്ത്രിയായി.
സിറ്റിംഗ് സീറ്റായ വൈശാലിയിൽ 20014ലും 2019ലും തോറ്റിരുന്നു.പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.