ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള പതിവ് സർവകക്ഷിയോഗം ഒഴിവാക്കി.
രാജ്യത്തെ കൊവിഡ് സ്ഥിതി, ലഡാക്കിലെ ഇന്ത്യ -ചൈനാ അതിർത്തി സംഘർഷം, ജി.ഡി.പി ഇടിവ്, പുതിയ വിദ്യാഭ്യാസ നയം,തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ സ്ഥിതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
എന്നാൽ ഇന്നലെ ചേർന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ വിഷയങ്ങളുടെ കാര്യത്തിൽ ധാരണയായില്ല. അതിനാൽ സ്പീക്കർ ഓംബിർള 15ന് വീണ്ടും യോഗം വിളിക്കുമെന്ന് കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.
സമ്മേളനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് ഷിഫ്റ്റായി ശനി, ഞായർ അവധി ദിവസങ്ങളില്ലാതെ 18 ദിവസം തുടർച്ചയായാണ് വർഷകാല സമ്മേളനം.
ഇന്ന് ലോക്‌സഭ രാവിലെ 9 മുതൽ ഒരു മണിവരെയും രാജ്യസഭാ വൈകിട്ട് മൂന്ന് മുതൽ ഏഴുവരെയും ചേരും.
നാളെ മുതൽ സമ്മേളനം അവസാനിക്കുന്ന ഒക്ടോബർ ഒന്നുവരെ ലോക്‌സഭ വൈകിട്ട് മൂന്ന് മുതൽ ഏഴുവരെയും രാജ്യസഭ രാവിലെ 9 മുതൽ ഒന്നുവരെയുമാണ് ചേരുക. ചോദ്യോത്തരവേളയുണ്ടായിരിക്കില്ല. ശൂന്യവേളയുണ്ടാകും. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്കുള്ള മറുപടി സഭയിൽ വയ്ക്കും. പ്രൈവറ്റ് മെമ്പേഴ്‌സ് ബില്ലുകളും ഉണ്ടാകില്ല.
45 ബില്ലുകൾ ഉൾപ്പെട 47 ഇനങ്ങളാണ് വർഷകാല സമ്മേളനത്തിൽ പരിഗണനയ്ക്ക് വരുന്നത്. ഓർഡിനൻസുകൾക്ക് പകരമായി പതിനൊന്ന് നിയമങ്ങൾ പാസാക്കാനുണ്ട്. 2020 ൽ ഓർഡിനൻസുകളായി പുറത്തിറക്കിയ പാപ്പരത്വ രണ്ടാം ഭേദഗതി ബിൽ, ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബിൽ, നികുതി നിയമത്തിലെ ചില വ്യവസ്ഥകളിൽ ഇളവ് നൽകുന്നതിനുള്ള ബിൽ, പകർച്ചവ്യാധി ഭേദഗതി ബിൽ, മന്ത്രിമാരുടെ ശമ്പളം, അലവൻസുകൾ സംബന്ധിച്ച ഭേദഗതി ബിൽ, പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ സംബന്ധിച്ച ഭേദഗതി ബിൽ എന്നിവ ഈ വർഷകാലസമ്മേളനത്തിൽ തന്നെ പാസാക്കേണ്ടതുണ്ട്.
പാർലമെന്ററി സമിതി പരിഗണിച്ച മൂന്ന് തൊഴിൽകോഡ് ബില്ലുകൾ, ഡാം സുരക്ഷാ ബിൽ, വാടകഗർഭപാത്ര നിയന്ത്രണ ബില്ല്, ഗർഭഛിദ്ര നിയമ ഭേദഗതിബിൽ തുടങ്ങിയവയും ഈ സമ്മേളനം പരിഗണിക്കും.
സജ്ജീകരണങ്ങളേറെ
സമ്മേളനത്തിന് മുൻപ് എല്ലാം എം.പിമാരെയും പാർലമെന്റ് ജീവനക്കാരെയും മാദ്ധ്യമപ്രവർത്തകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
എം.പി.മാരെ ശാരീരിക അകലം പാലിച്ച് ഇരുത്തുന്നതിനായി ഇരുസഭകളുടെയും ചേംബറുകളും ഗ്യാലറികളും ഉപയോഗിക്കും.
എം.പി.മാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും.
സീറ്റുകൾ പോളി കാർബൺ ഷീറ്റുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.