sc

ന്യൂഡൽഹി: ബിരുദ - ബിരുദാനന്തര മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത കൗൺസലിംഗിന് എതിരെ കേരളത്തിലെ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിൽ നടത്തുന്ന സ്‌പോട്ട് അഡ്മിഷനെയും മാനേജ്‌മെന്റുകൾ ചോദ്യം ചെയ്തിട്ടുണ്ട്.

ടി.എം.എ പൈ, ഇസ്ലാമിക് അക്കാഡമി, ഇനാംദാർ കേസുകളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികൾക്കെതിരാണ് കേന്ദ്രീകൃത കൗൺസലിംഗ് എന്നാണ് മാനേജ്‌മെന്റുകളുടെ വാദം. വിദ്യാർത്ഥി പ്രവേശനത്തിനുള്ള മാനേജ്‌മെന്റുകളുടെ അധികാരം പൂർണമായും നിഷേധിക്കപ്പെടുന്നു. മാനേജ്‌മെന്റുകൾ അനുവദിക്കാത്ത പക്ഷം സർക്കാർ ക്വോട്ട പാടില്ല എന്നതാണ് കീഴ്‌വഴക്കമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച കക്ഷി ചേരൽ അപേക്ഷയിൽ മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ 2017 ൽ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത കൗൺസിലിംഗ് ഏർപ്പെടുത്തിയത്. എം.സി.ഐ വിജ്ഞാപനം ചോദ്യം ചെയ്ത് ദാർ ഉസ് സലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് നൽകിയ ഹർജിയിൽ സുപ്രീം കോടതി 2017 ൽ നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയാണ് 18 മെഡിക്കൽ കോളേജുകൾ ഉൾപ്പെടുന്ന കേരളത്തിലെ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ അഭിഭാഷകൻ സുൽഫിക്കർ അലി മുഖേനെ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.